തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മനെ അപമാനിച്ച നന്ദകുമാറിനെതിരെ നടപടിയെടുക്കാതെ സർക്കാർ. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് കാലത്താണ് അച്ചു ഉമ്മനെതിരെ നന്ദകുമാർ രൂക്ഷമായ സൈബർ അധിക്ഷേപം നടത്തിയത്. പൊതുഭരണ വകുപ്പിലെ അഡീഷണൽ സെക്രട്ടറിയായിരുന്ന നന്ദകുമാർ വിരമിച്ചതിന് ശേഷം ഐ എച്ച് ആർ ഡി യിൽ അഡ്മിനിസ്ട്രേറ്റിവ് ഓഫിസറായി ജോലി ചെയ്ത് വരവേയാണ് അച്ചു ഉമ്മനെതിരെ സൈബർ അധിക്ഷേപം നടത്തിയത്.
മുഖ്യമന്ത്രിയുടെ ഓഫിസുമായുള്ള അടുത്ത ബന്ധമാണ് വിരമിച്ചതിന് ശേഷം ഐ എച്ച് ആർ.ഡിയിലെ രണ്ടാമത്തെ കസേരയിലേക്ക് നന്ദകുമാറിനെ എത്തിച്ചത്. ഐ എച്ച് ആർ ഡി യിലെ ഒന്നാമത്തെ ഉദ്യോഗസ്ഥൻ വി.എസ് അച്ചുതാനന്ദൻ്റെ മകൻ അരുൺ കുമാറാണ്. സ്ഥാപനത്തിൻ്റെ ഡയറക്ടറാണ് അരുൺകുമാർ. സൈബർ അധിക്ഷേപം നടത്തിയ നന്ദകുമാറിനെതിരെ അച്ചു ഉമ്മൻ പോലിസിൽ പരാതി കൊടുത്തു. അച്ചു ഉമ്മൻ്റെ മൊഴിയെടുത്തെങ്കിലും നന്ദകുമാറിനെതിരെ ഒരു നടപടിയും ഉണ്ടായില്ല.
നന്ദകുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ 2023 സെപ്റ്റംബർ 1 ന് മുഖ്യമന്ത്രിക്ക് കത്ത് നൽകിയെങ്കിലും നടപടി ഉണ്ടായില്ല . ഈ കത്തിൻ മേൽ എന്ത് നടപടി സ്വീകരിച്ചുവെന്ന് കെ.പി.സി.സി സെക്രട്ടറി അഡ്വ സി. ആർ. പ്രാണകുമാർ സർക്കാരിനോട് വിവരവകാശ ചോദ്യം ഉന്നയിച്ചു. ഇതിൻ മേൽ സർക്കാർ സ്വീകരിച്ച നടപടിയുടെ ഫയൽ പ്രാണകുമാറിന് ലഭിച്ചു.ഫയലിൽ സർക്കാർ എഴുതിയത് ഇങ്ങനെ ” സർക്കാർ നന്ദകുമാറിന് നിയമനമോ പുനർ നിയമനമോ നൽകിയിട്ടില്ല. സർക്കാർ ഉദ്യോഗസ്ഥൻ ആണെങ്കിൽ മാത്രമേ സർക്കാരിന് നടപടിയെടുക്കാൻ സാധിക്കുകയുള്ളു. അതുകൊണ്ട് ഒരു നടപടിയും എടുക്കേണ്ട ” – ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ സെക്രട്ടറി സി. അജയൻ ഫയലിൽ കുറിച്ചു.
നന്ദകുമാർ ഇപ്പോഴും വിജയശ്രീലാളിതനായി ഐ എച്ച് ആർ. ഡി ഭരിക്കുന്നു. ജനത്തിൻ്റെ നികുതി പണത്തിൽ നിന്നും സഖാവായ നന്ദകുമാറിനെ സർക്കാർ ഇപ്പോഴും തീറ്റി പോറ്റുന്നു. സർക്കാർ നിയമിക്കാത്ത വിരമിച്ച ഉദ്യോഗസ്ഥന് ഖജനാവിലെ ശമ്പളം വാങ്ങി കറങ്ങുന്ന കസേരയിൽ ഇരുന്ന് ആർക്ക് എതിരെയും സൈബർ അധിക്ഷേപം നടത്താം എന്ന സന്ദേശമാണ് ഇതിലൂടെ ലഭിക്കുന്നത്
