മുംബൈ: ‘ഗദർ: ഏക് പ്രേം കഥ’, ‘കഹോ നാ… പ്യാർ ഹേ’ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായ ബോളിവുഡ് താരം അമീഷ പട്ടേലിന്റെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള ചില തുറന്നുപറച്ചിലുകളാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. പ്രശസ്ത പോഡ്കാസ്റ്റ് അവതാരകനായ രൺവീർ അലഹാബാദിയയുമായുള്ള സംഭാഷണത്തിനിടെയാണ് നടി തൻ്റെ ഇഷ്ടങ്ങളെക്കുറിച്ചും പ്രണയത്തെക്കുറിച്ചും മനസ്സുതുറന്നത്.
ഹോളിവുഡ് താരം ടോം ക്രൂയിസിനോടുള്ള തൻ്റെ ആരാധനയാണ് അഭിമുഖത്തിൽ അമീഷ വെളിപ്പെടുത്തിയത്. ടോം ക്രൂയിസ് തൻ്റെ കുട്ടിക്കാലം മുതലുള്ള ക്രഷ് (Crush) ആണെന്നും അദ്ദേഹത്തിൻ്റെ ചിത്രം തൻ്റെ പെൻസിൽ ബോക്സിലും ഫയലുകളിലും ഉണ്ടായിരുന്നെന്നും നടി പറഞ്ഞു. “എൻ്റെ മുറിയിൽ ഉണ്ടായിരുന്ന ഏക പോസ്റ്റർ ടോം ക്രൂയിസിൻ്റേതായിരുന്നു. അദ്ദേഹം എപ്പോഴും എൻ്റെ ക്രഷ് ആണ്,” അമീഷ പറഞ്ഞു.
തുടർന്നാണ് ഏറെ ചർച്ച ചെയ്യപ്പെടുന്ന വാക്കുകൾ അമീഷ പങ്കുവെച്ചത്. ടോം ക്രൂയിസിനുവേണ്ടി തൻ്റെ എല്ലാ ‘തത്വങ്ങളും’ മാറ്റിവെക്കാൻ താൻ തയ്യാറാണ് എന്ന് അവർ വ്യക്തമാക്കി. “എൻ്റെ തത്വങ്ങൾ മാറ്റിവെക്കാൻ കഴിയുന്ന ഒരേയൊരു പുരുഷൻ അദ്ദേഹമാണ്. എനിക്ക് അദ്ദേഹത്തിന് വേണ്ടി എന്തും ചെയ്യാനാകും. അദ്ദേഹത്തിനൊപ്പം ഒരു ‘വൺ നൈറ്റ് സ്റ്റാൻഡിന്’ ഞാൻ തയ്യാറുണ്ടോ എന്ന് ചോദിച്ചാൽ, അതെ, ഞാൻ തയ്യാറാണ്,” അമീഷ പട്ടേൽ തുറന്നു സമ്മതിച്ചു.
ടോം ക്രൂയിസിനോടുള്ള ആരാധന നടി വെളിപ്പെടുത്തുന്നത് ഇത് ആദ്യമായല്ല. ഏതാനും വർഷം മുമ്പ് ഒരു റെഡ് കാർപെറ്റ് ഇവൻ്റിൽ വെച്ച്, ഏത് നടിയുമായി സ്ഥാനം മാറാനാണ് ആഗ്രഹമെന്ന് ചോദിച്ചപ്പോൾ, ടോം ക്രൂയിസിനൊപ്പം അഭിനയിച്ച ഏതെങ്കിലും നടിയാകാനാണ് താൽപ്പര്യമെന്ന് അവർ മറുപടി നൽകിയിരുന്നു. അവസരം ലഭിച്ചാൽ ടോം ക്രൂയിസിനെ വിവാഹം കഴിക്കുമെന്നും അന്ന് അമീഷ പറഞ്ഞിരുന്നു.
കൂടാതെ, സിനിമയിൽ വരുന്നതിന് മുമ്പുള്ള തൻ്റെ ആദ്യത്തെ പ്രണയബന്ധത്തെക്കുറിച്ചും നടി അഭിമുഖത്തിൽ വെളിപ്പെടുത്തി. “അതായിരുന്നു എൻ്റെ ആദ്യത്തെ ഗൗരവമായ ബന്ധം. എന്നാൽ ആ വ്യക്തി ഞാൻ പൊതുരംഗത്ത് വരുന്നതിനോട് യോജിച്ചിരുന്നില്ല. അന്ന് ഞാൻ പ്രണയത്തെക്കാൾ ഉപരി കരിയറിന് പ്രാധാന്യം നൽകി,” അമീഷ വ്യക്തമാക്കി. 50 വയസായിട്ടും അവിവാഹിതയായി തുടരുന്ന അമീഷയുടെ തുറന്നുപറച്ചിലുകൾ ബോളിവുഡിൽ വലിയ ചലനമുണ്ടാക്കിയിരിക്കുകയാണ്.
