‘പ്രാഞ്ചിയേട്ടൻ പരിപാടി’; മേയർ ആര്യക്കെതിരെ ഹരീഷ് വാസുദേവൻ

തിരുവനന്തപുരം: യു.കെ പാർലമെന്റിൽ നടന്ന പരിപാടിയിൽ പങ്കെടുത്ത തിരുവനന്തപുരം നഗരസഭ മേയർ ആര്യാ രാജേന്ദ്രനെതിരെ കടുത്ത വിമർശനവുമായി അഭിഭാഷകനായ അഡ്വ. ഹരീഷ് വാസുദേവൻ. ‘ലോകത്ത് വിവരമുള്ള മനുഷ്യർ, ഇത് കാണുമ്പോൾ, ഇവർ പ്രതിനിധീകരിക്കുന്ന നാട്ടിലെ ജനങ്ങളുടെ നിലവാരത്തെപ്പറ്റി ഓർത്ത് ലജ്ജിക്കില്ലേ’ എന്ന് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.

​നഗരസഭയിൽ നടപ്പിലാക്കിയ സുസ്ഥിര വികസന പ്രവർത്തനങ്ങൾക്കുള്ള ‘സർട്ടിഫിക്കറ്റ് ഓഫ് എക്സലൻസ്’ യു.കെ പാർലമെൻ്റിൽ വെച്ച് വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സ് നൽകുന്ന ചടങ്ങിൽ ഏറ്റുവാങ്ങിയെന്ന് മേയർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതാണ് വിമർശനങ്ങൾക്ക് കാരണമായത്.

​”അൽപ്പൻമാരുടെ ലോകത്ത് എന്തുമാത്രം അല്പത്തരം ഉണ്ടായാലാണ് കാശ് കൊടുത്ത് ലണ്ടനിൽ പാർലമെന്റ് മന്ദിരത്തിൽ റൂം വാടകയ്ക്ക് എടുത്ത് റെക്കോർഡ് അവാർഡ് കൊടുക്കുന്ന പ്രാഞ്ചിയേട്ടൻ പരിപാടിക്ക് ഒരു കോർപറേഷന്റെ മേയർ പോയി തല വെയ്ക്കാനും, പ്രാഞ്ചിയേട്ടൻ കളിക്കാനും, അത് മെറിറ്റിൽ കിട്ടിയ എന്തോ ആണെന്ന് തെറ്റിദ്ധരിപ്പിക്കാനും തോന്നുന്നത്?” – ഹരീഷ് വാസുദേവൻ ഫേസ്ബുക്കിൽ ചോദിച്ചു.

​’ഈ തട്ടിപ്പിന് തലവെച്ച്, അത് മെറിറ്റിലുള്ള എന്തോ സംഗതിയാണെന്നുള്ള വ്യാജ ലെജിറ്റിമസി ഉണ്ടാക്കി കൊടുക്കുന്നത് ജനപ്രതിനിധിയാണെന്നും, ഇത് ഒരു നാടിന് നാണക്കേടല്ലേ’ എന്നും അദ്ദേഹം പോസ്റ്റിൽ കുറിച്ചു. കെ.എം. മാണിയെ ഈ പ്രാഞ്ചിയേട്ടൻ കളിക്ക് കളിയാക്കി നാറ്റിച്ചത് പോലും വകവെക്കാതെയാണ് ഇപ്പോൾ തലവെച്ചതെന്നും അദ്ദേഹം വിമർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *