കോഴിക്കോട്: കെ.പി. സി.സി പ്രസിഡണ്ട് സണ്ണി ജോസഫ് വാഴയോ? സണ്ണി ജോസഫിനെ അടുത്തിടെ വാഴ എന്ന് രാഷ്ട്രിയ നിരീക്ഷകൻ അഡ്വ. ജയശങ്കർ വിശേഷിപ്പിച്ചിരുന്നു. ഏഷ്യാനൈറ്റ് ന്യൂസ് അവറിലായിരുന്നു ജയശങ്കറിൻ്റെ സണ്ണി വധം അരങ്ങേറിയത്. പ്രസിഡണ്ട് പദത്തിലെ സണ്ണിയുടെ പ്രകടനം പരിശോധിച്ചാൽ ജയശങ്കറിൻ്റെ വിമർശനത്തിൽ വസ്തുത ഉണ്ടെന്ന് വ്യക്തമാകും. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് സുധാകരൻ മാറിയതോടെയാണ് സണ്ണിക്ക് നറുക്ക് വീണത്. 2016 ൽ പോയ ഭരണം പിടിക്കുകയെന്ന ദൗത്യം ആയിരുന്നു സണ്ണിയുടേത്.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ആയിരുന്നു സണ്ണിയുടെ ആദ്യ വെല്ലുവിളി. സി പി എമ്മും അൻവറും ഉയർത്തിയ വെല്ലുവിളിയെ സധൈര്യം നേരിട്ട് ശക്തമായ നിലപാടുമായി സതീശൻ മുന്നിൽ നിന്ന് നയിച്ചതോടെ സതീശന് പിന്തുണയുമായി സണ്ണിയും കളം നിറഞ്ഞു. വോട്ട് എണ്ണലിൻ്റെ തുടക്കത്തിൽ അൻവർ വോട്ട് പിടിച്ചതോടെ സണ്ണിയുടെ മലക്കം മറിച്ചിൽ ഉണ്ടായി. അൻവറിനെ കൂടെ നിർത്തേണ്ടതായിരുന്നു എന്നായി സണ്ണിയുടെ ആദ്യ നിമിഷങ്ങളിലെ പ്രതികരണം. സതീശനിട്ട് പണിയാൻ ഇറങ്ങിയ കോൺഗ്രസ് കാരണവൻമാരുടെ മുഖത്ത് ചിരി പ്രത്യക്ഷപ്പെട്ടു. വോട്ടെണ്ണൽ പുരോഗമിച്ചതോടെ ആര്യാടൻ ഷൗക്കത്ത് റെക്കോഡ് വിജയം നേടിയത് സതീശൻ്റെ നിലപാടുകൾക്കുള്ള അംഗീകാരമായി. തെരഞ്ഞെടുപ്പുകൾ എങ്ങനെ ജയിക്കാം എന്ന കാര്യത്തിൽ സതീശൻ ചാമ്പ്യനായതോടെ സതീശൻ്റെ പിന്നിൽ കോൺഗ്രസ് അണികൾ അണിനിരന്നു.
തദ്ദേശ , നിയമസഭ തെരഞ്ഞെടുപ്പുകൾ മുന്നിൽ നിൽക്കേ എത്രയും വേഗം പുനസംഘടന നടത്തി പാർട്ടിയെ ശക്തിപ്പെടുത്താനുള്ള സതീശൻ്റെ നീക്കം പക്ഷേ വിജയിച്ചില്ല. പുനസംഘടന നടത്താൻ മുന്നിൽ നിൽക്കേണ്ട പ്രസിഡണ്ട് സണ്ണിയെ വർക്കിംഗ് പ്രസിഡണ്ടുമാർ ഹൈജാക്ക് ചെയ്യുന്ന കാഴ്ചയാണ് പിന്നിട് കാണുന്നത്. മാങ്കൂട്ടം വിഷയം ഇതിന് വേണ്ടി ഇവർ സമർത്ഥമായി ഉപയോഗിച്ചു. കോൺഗ്രസ് നേതൃത്വം ഹൈക്കമാൻ്റിൻ്റെ അനുവാദത്തോടെ കൈകാര്യം ചെയ്ത മാങ്കൂട്ടം വിഷയം സതീശൻ്റെ തലയിലേക്ക് ഇവർ ചാർത്തി. സതീശനെതിരെ സൈബർ ആക്രമണത്തിന് പിന്നിലും മാങ്കൂട്ടത്തിലിൻ്റെ സഭയിലെ വരവിന് പിന്നിലും വർക്കിംഗ് പ്രസിഡണ്ടുമായിരുന്ന വിഷ്ണുവും ഷാഫിയും ആയിരുന്നു. മറ്റൊരു വർക്കിംഗ് പ്രസിഡണ്ടായ എ.പി അനിൽകുമാർ പിന്നണിയിൽ നിന്ന് സഹായം നൽകി. സണ്ണി ഇവരുടെ കയ്യിലെ പാവയായി മാറി.
തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തതോടെ പുന:സംഘടന വേണ്ട എന്ന നിലപാടിലാണ് വർക്കിംഗ് പ്രസിഡണ്ടുമാർ. വേണമെങ്കിൽ സെക്രട്ടറിമാർക്ക് പകരം കോ ഓർഡിനേറ്ററെ നിയമിക്കാം എന്ന വിചിത്ര നിർദ്ദേശവും വിഷ്ണുവിൻ്റെ ഭാഗത്ത് നിന്നുണ്ടായി. പുനസംഘടന നടന്നാൽ വർക്കിംഗ് പ്രസിഡണ്ടുമാരുടെ അധികാരം കുറയും. ഇവരുടെ പാർട്ടിയിലെ പിടി കുറയും. സണ്ണിയെ സഹായിക്കാൻ കഴിവുള്ളവർ വരും. അതുകൊണ്ടാണ് പുനസംഘടന ഇല്ലാതാക്കാൻ ഇവർ ശ്രമിക്കുന്നത്. വിഷ്ണുവിൻ്റെ കോ ഓർഡിനേറ്റർ നിർദ്ദേശം സണ്ണി കയ്യോടെ തള്ളി. താൻ വാഴ അല്ലെന്ന് തെളിയിക്കാൻ സണ്ണി കച്ചമുറുക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന സൂചന. വർക്കിംഗ് പ്രസിഡണ്ടുമാരുടെ വളയത്തിൽ നിന്ന് സ്വയം ഡ്രൈവ് ചെയ്യാൻ സണ്ണി തീരുമാനിച്ചാൽ പുനസംഘടന ഉണ്ടാകും. പുനസംഘടന നടന്നില്ലെങ്കിൽ ഭരണത്തിൽ തിരിച്ചെത്തുക എളുപ്പമല്ല. തോറ്റാൽ സണ്ണിയുടെ കസേര തെറിക്കും. പ്രസിഡണ്ട് പദത്തിലേക്ക് വർക്കിംഗ് പ്രസിഡണ്ടുമാരുടെ കൂട്ടത്തല്ല് ആകും പിന്നിട് ഉണ്ടാകുക.
