ജി.എസ്.ടി ബചത് ഉത്സവ്: നാളെ മുതൽ നികുതി നിരക്കുകൾ കുറയും; സാധനങ്ങൾക്ക് വില കുറയും, പ്രധാനമന്ത്രി മോദി

​ന്യൂഡൽഹി: ജി.എസ്.ടി 2.0 പരിഷ്കാരങ്ങൾ സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ‘ജി.എസ്.ടി ബചത് ഉത്സവ്’ എന്ന് പേരിട്ട ഈ പരിഷ്കാരങ്ങൾ നവരാത്രിയുടെ ആദ്യ ദിനത്തിൽ തന്നെ രാജ്യത്ത് നിലവിൽ വരും. ‘ആത്മനിർഭർ ഭാരതം’ എന്ന ലക്ഷ്യത്തിലേക്കുള്ള പ്രധാനപ്പെട്ട ഒരു ചുവടുവെപ്പാണിതെന്നും ഈ മാറ്റങ്ങൾ രാജ്യത്തെ പാവപ്പെട്ടവർക്കും ഇടത്തരം കുടുംബങ്ങൾക്കും വ്യാപാരികൾക്കും ഒരുപോലെ പ്രയോജനപ്പെടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

​പുതിയ പരിഷ്കാരങ്ങൾ അനുസരിച്ച് 12 ശതമാനം, 28 ശതമാനം എന്നിവ ഉൾപ്പെടെയുള്ള നികുതി സ്ലാബുകൾ ഒഴിവാക്കി മിക്ക സാധനങ്ങൾക്കും സേവനങ്ങൾക്കും 5 ശതമാനം, 18 ശതമാനം എന്നിങ്ങനെ രണ്ട് നികുതി നിരക്കുകൾ മാത്രമായിരിക്കും ഇനി ഉണ്ടാകുക. ഇതിലൂടെ, നിത്യോപയോഗ സാധനങ്ങളായ കാപ്പി, നെയ്യ്, ബിസ്‌കറ്റ്, എണ്ണ എന്നിവയ്ക്കും പുതിയ കാറുകൾ, ആരോഗ്യ ഇൻഷുറൻസ് പ്രീമിയങ്ങൾ എന്നിവയ്ക്കും വില കുറയും. മുൻപ് നൽകിയ ആദായനികുതി ആനുകൂല്യങ്ങളും ഈ പുതിയ നികുതി ഘടനയും വഴി പൊതുജനങ്ങൾക്ക് മൊത്തം 2.5 ലക്ഷം കോടി രൂപയുടെ ലാഭമുണ്ടാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

​ജി.എസ്.ടി പരിഷ്കാരങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുമെന്നും വ്യവസായ രംഗത്തെ വളർച്ചയും കൂടുതൽ നിക്ഷേപങ്ങളും ആകർഷിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ‘മേഡ് ഇൻ ഇന്ത്യ’ ഉൽപ്പന്നങ്ങൾ ഉപയോഗിക്കാൻ അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു. ‘ഞാൻ സ്വദേശി വാങ്ങുന്നു, ഞാൻ സ്വദേശി വിൽക്കുന്നു’ എന്ന് അഭിമാനത്തോടെ പറയാൻ ഓരോ പൗരനും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *