തിരുവനന്തപുരം: ഉറപ്പാണ് 4 ശതമാനം ക്ഷാമബത്ത. തദ്ദേശ തെരഞ്ഞെടുപ്പ് പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 4 ശതമാനം ക്ഷാമബത്തയും ക്ഷാമ ആശ്വാസവും അനുവദിക്കും. ഒക്ടോബറിൽ ഉത്തരവിറക്കാനാണ് ധനവകുപ്പിൻ്റെ നീക്കം. നവംബർ , ഡിസംബർ മാസങ്ങളിൽ രണ്ട് ഘട്ടമായാണ് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുക. ഒക്ടോബർ അവസാനത്തോടെ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ഉണ്ടാകും. അതിന് തൊട്ട് മുൻപ് ക്ഷാമബത്ത ഉത്തരവ് ഇറങ്ങും എന്നാണ് ലഭിക്കുന്ന സൂചന. നവംബറിൽ വിതരണം ചെയ്യുന്ന ശമ്പളത്തിലും പെൻഷനിലും പ്രഖ്യാപിക്കുന്ന 4 ശതമാനം ക്ഷാമബത്തയും ക്ഷാമ ആശ്വാസവും ലഭിക്കും. ഇതു വഴി തദ്ദേശ തെരഞ്ഞെടുപ്പിൽ 12 ലക്ഷത്തോളം സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സർക്കാർ.
2023 ജനുവരിയിലെ 4 ശതമാനം ക്ഷാമബത്തയാണ് ലഭിക്കുക. പ്രഖ്യാപിക്കുന്ന ക്ഷാമബത്തക്ക് പതിവ് പോലെ കുടിശിക ഉണ്ടായിരിക്കുകയില്ല. കെ. എൻ ധനമന്ത്രിയായതിന് ശേഷം പ്രഖ്യാപിച്ച ക്ഷാമബത്തക്ക് കുടിശിക അനുവദിക്കുന്ന പതിവില്ല. 6 ലക്ഷം രൂപ വരെയാണ് പ്രഖ്യാപിച്ച ക്ഷാമബത്തക്ക് കുടിശിക അനുവദിക്കാത്തത് മൂലം ജീവനക്കാർക്ക് നഷ്ടപ്പെട്ടത്. പെൻഷൻകാരുടെ നഷ്ടം 3 ലക്ഷം രൂപ വരെയാണ്. ഐ എ എസ്, ഐപിഎസ് അടക്കമുള്ള ആൾ ഇന്ത്യ സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കും ജുഡിഷ്യൽ ഓഫിസർമാർക്കും പി എസ് സി ചെയർമാനും അംഗങ്ങൾക്കും മാത്രമേ പ്രഖ്യാപിച്ച ക്ഷാമബത്തക്ക് കുടിശിക അനുവദിക്കൂ. അവർക്ക് കുടിശിക പണമായി നൽകും. ഇരട്ട നീതിയാണ് ഇക്കാര്യത്തിൽ ധനമന്ത്രി പുലർത്തുന്നത്.
സംസ്ഥാനം രൂപികരിച്ച നാൾ മുതൽ ഒന്നാം പിണറായി സർക്കാർ വരെ പ്രഖ്യാപിക്കുന്ന ക്ഷാമബത്തക്ക് കുടിശിക അനുവദിക്കുമായിരുന്നു. ജീവനക്കാർക്ക് കുടിശിക പി.എഫിൽ ലയിപ്പിക്കും. പെൻഷൻകാർക്ക് കുടിശിക പണമായി നൽകും. മുൻകാല സർക്കാരുകളുടെ ഈ രീതി ആണ് ബാലഗോപാൽ അട്ടിമറിച്ചത്. ക്ഷാമബത്ത കുടിശികയുടെ കാര്യത്തിൽ സംസ്ഥാന ചരിത്രത്തിൽ ബാലഗോപാലിൻ്റെ പേര് അറിയപ്പെടുന്നതും കുടിശിക നിഷേധിച്ച ധനമന്ത്രി എന്ന നിലയിൽ ആയിരിക്കും.
6 ഗഡു ക്ഷാമബത്തയാണ് നിലവിൽ കുടിശിക.18 ശതമാനം ക്ഷാമബത്ത കുടിശിക ആക്കിയതോടെ രാജ്യത്ത് ക്ഷാമബത്ത കുടിശികയിൽ ഒന്നാം സ്ഥാനത്താണ് കേരളം. വിലകയറ്റത്തിലും ഒന്നാമതാണ് കേരളം.
