ജി.എസ്.ടി പരിഷ്കരണം: ‘ആഴത്തിലുള്ള മുറിവിൽ ബാൻഡ് എയ്ഡ്’, മോദിക്കെതിരെ ഖാർഗെ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ജി.എസ്.ടി പരിഷ്കരണങ്ങളെയും ‘ജി.എസ്.ടി ബചത് ഉത്സവ്’ എന്ന ആശയത്തെയും രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ആഴത്തിലുള്ള സാമ്പത്തിക മുറിവുകൾക്ക് മോദി സർക്കാർ താൽക്കാലിക ബാൻഡ് എയ്ഡ് ചികിത്സ നൽകുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

​’ഒരു രാജ്യം ഒരു നികുതി’ എന്ന കോൺഗ്രസിൻ്റെ ആശയം മോദി സർക്കാർ ‘ഒരു രാജ്യം ഒമ്പത് നികുതി’ എന്നാക്കി മാറ്റിയെന്നും ഖാർഗെ വിമർശിച്ചു. 0%, 5%, 12%, 18%, 28% എന്നിങ്ങനെയുള്ള നികുതി നിരക്കുകൾ കൂടാതെ 0.25%, 1.5%, 3%, 6% എന്നിങ്ങനെ പ്രത്യേക നിരക്കുകളും സർക്കാർ അവതരിപ്പിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ജി.എസ്.ടി ലളിതമാക്കാൻ പത്ത് വർഷം മുമ്പ് കോൺഗ്രസ് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നതാണ്. എന്നാൽ, കാർഷിക മേഖലയിലെ 36 സാധനങ്ങൾക്ക് പോലും നികുതി ചുമത്തി കർഷകരെ സർക്കാർ ബുദ്ധിമുട്ടിക്കുകയാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു.

​നവരാത്രി ദിനം മുതൽ ജി.എസ്.ടി. ബചത് ഉത്സവം ആരംഭിക്കുമെന്നും 99 ശതമാനം സാധനങ്ങളും 5 ശതമാനം നികുതി സ്ലാബിലേക്ക് വരുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മല്ലികാർജുൻ ഖാർഗെയുടെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *