തദ്ദേശം, കുണ്ടറയിൽ വിഷ്ണുനാഥിന് തോൽവിയെന്ന് മനോരമ; ‘വർക്ക് ചെയ്യാത്ത’ വർക്കിംഗ് പ്രസിഡൻ്റ് !

Rahul mamkoottathil and PC VIshnunath

തിരുവനന്തപുരം: കേരളം ഉറ്റുനോക്കിയ തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രമുഖ നേതാക്കൾക്കും മുന്നണികൾക്കും അപ്രതീക്ഷിത തിരിച്ചടി. കോൺഗ്രസ് വർക്കിംഗ് പ്രസിഡൻ്റ് പി.സി വിഷ്ണുനാഥിൻ്റെ സ്വന്തം മണ്ഡലമായ കുണ്ടറയിൽ യു.ഡി.എഫിനേറ്റ കനത്ത പരാജയം പാർട്ടിക്ക് ഉള്ളിൽ വലിയ ചർച്ചകൾക്ക് വഴിമരുന്നിടുകയാണ്. അതേ സമയം 10 മന്ത്രിമാരുടെ മണ്ഡലങ്ങളിൽ എൽ.ഡി.എഫിന് തിരിച്ചടി നേരിട്ടു.

കുണ്ടറയിൽ ഇടതുകോട്ട ഭദ്രം

​മനോരമ തയ്യാറാക്കിയ കണക്കുകൾ പ്രകാരം കുണ്ടറ മണ്ഡലത്തിൽ എൽ.ഡി.എഫ് വ്യക്തമായ മേധാവിത്വം ഉറപ്പിച്ചു. യു.ഡി.എഫിന് 54,199 വോട്ടുകൾ ലഭിച്ചപ്പോൾ എൽ.ഡി.എഫ് 58,457 വോട്ടുകൾ നേടി. ബി.ജെ.പി 33,481 വോട്ടുകളുമായി മൂന്നാം സ്ഥാനത്തെത്തി. ഇതോടെ 4,258 വോട്ടുകളുടെ ഭൂരിപക്ഷമാണ് കുണ്ടറ മണ്ഡലത്തിൽ എൽ.ഡി.എഫ് നേടിയത്.

വിഷ്ണുനാഥിനെതിരെ രൂക്ഷവിമർശനം

​ദക്ഷിണ മേഖലയുടെ ചുമതലയുള്ള വർക്കിംഗ് പ്രസിഡൻ്റായിട്ടും തൻ്റെ മേഖലയിലെ പ്രചാരണം പാടേ മറന്ന് കുണ്ടറയിൽ തമ്പടിച്ച് പ്രചാരണം നടത്തിയ പി.സി വിഷ്ണുനാഥിന് സ്വന്തം തട്ടകത്തിൽ പോലും വോട്ട് പിടിക്കാനായില്ല എന്നത് കോൺഗ്രസ് കേന്ദ്രങ്ങളെ ഞെട്ടിച്ചിട്ടുണ്ട്.

​”പേരിൽ മാത്രമേ വിഷ്ണുനാഥ് വർക്കിംഗ് പ്രസിഡൻ്റായിട്ടുള്ളു എന്നും, ഫലത്തിൽ അദ്ദേഹം ‘വർക്ക് ചെയ്യാത്ത’ പ്രസിഡൻ്റാണെന്നും” സ്വന്തം മണ്ഡലത്തിലെ തോൽവി ചൂണ്ടിക്കാട്ടി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

​മുഴുവൻ സമയവും മണ്ഡലത്തിൽ ചിലവഴിച്ചിട്ടും പാർട്ടിക്ക് വിജയം സമ്മാനിക്കാൻ കഴിയാത്തത് വിഷ്ണുനാഥിൻ്റെ സംഘടനാപരമായ പരാജയമാണെന്ന വിമർശനം യു.ഡി.എഫിനുള്ളിൽ ശക്തമാവുകയാണ്.

മന്ത്രി മണ്ഡലങ്ങളിൽ എൽ.ഡി.എഫിന് തിരിച്ചടി

​കുണ്ടറയിൽ നേട്ടമുണ്ടാക്കാൻ സാധിച്ചെങ്കിലും സംസ്ഥാനത്തെ പത്ത് മന്ത്രിമാരുടെ മണ്ഡലങ്ങളിൽ എൽ.ഡി.എഫിന് കനത്ത തിരിച്ചടി നേരിട്ടത് സർക്കാരിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഭരണവിരുദ്ധ വികാരം പലയിടങ്ങളിലും പ്രതിഫലിച്ചതായാണ് ഈ മണ്ഡലങ്ങളിലെ ഫലം സൂചിപ്പിക്കുന്നത്. തദ്ദേശ ഫലം നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ചൂണ്ടുപലകയാണെന്നിരിക്കെ, ഇടത്-വലത് മുന്നണികൾക്ക് ഒരുപോലെ ആത്മപരിശോധനയ്ക്ക് വക നൽകുന്നതാണ് പുറത്തുവരുന്ന വിവരങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *