മെഡിസെപ്പ്: പ്രീമിയം 750 രൂപ വീണ്ടും ഉയരും! ധനമന്ത്രിയുടെ നിയമസഭ മറുപടിയിൽ ആശങ്കയിൽ ജീവനക്കാരും പെൻഷൻകാരും

മെഡിസെപ്പ് പ്രീമിയം തുക 750 രൂപയിൽ നിന്ന് വീണ്ടും ഉയരുമോ?. ധനമന്ത്രി കെ.എൻ. ബാലഗോപാലിൻ്റെ ഈ മാസം 17 ലെ നിയമസഭ മറുപടിയിൽ ആശങ്കയിലാണ് ജീവനക്കാരും പെൻഷൻകാരും. ആഗസ്ത് 14 ലെ ഉത്തരവ് പ്രകാരം മെഡിസെപ്പ് പ്രീമിയം 500 രൂപയിൽ നിന്ന് 750 രൂപയായി വർദ്ധിപ്പിച്ചിരുന്നു.

ടെണ്ടർ അന്തിമികരണത്തിന് ശേഷം മാത്രമേ പ്രതിമാസ പ്രീമിയം വിഹിതം നിശ്ചയിച്ച് അന്തിമ തീരുമാനം കൈകൊള്ളാൻ കഴിയുകയുള്ളു എന്നാണ് ധനമന്ത്രിയുടെ നിയമസഭ മറുപടി. സർക്കാർ 750 രൂപ പ്രീമിയം നിശ്ചയിച്ച് ഉത്തരവ് ഇറക്കിയതോടെ ടെണ്ടറിൽ പങ്കെടുക്കുന്ന കമ്പനികൾ 750 രൂപയിൽ കുറയ്ക്കില്ലെന്ന് വ്യക്തം. പങ്കെടുക്കുന്ന കമ്പനികൾ 750 രൂപയിൽ കൂടുതൽ പ്രീമിയം തുക ടെണ്ടറിൽ സമർപ്പിച്ചാൽ പ്രീമിയം തുക വീണ്ടും ഉയരും.

ടെണ്ടറിൽ പങ്കെടുക്കുന്നതിന് മുൻപ് പ്രീമിയം തുക നിശ്ചയിച്ച ബാലഗോപാലിൻ്റെ നടപടി ശുദ്ധ മണ്ടത്തരം എന്ന് പറയാതെ വയ്യ. അതേ പോലെ കുറഞ്ഞ വേതനം വാങ്ങുന്ന ജീവനകാരേയും പെൻഷൻകാരേയും തുക ഈടിക്കുന്നതിൽ നിന്ന് ഒഴിവാക്കുന്ന കാര്യം പരിഗണനയിൽ ഇല്ലെന്നും ധനമന്ത്രി വ്യക്തമാക്കി. ഏറ്റവും കുറഞ്ഞ അടിസ്ഥാന പെൻഷനായ 11500 രൂപ വാങ്ങിക്കുന്നവരും ഏറ്റവും കൂടിയ അടിസ്ഥാന പെൻഷനായ 83500 രൂപ വാങ്ങിക്കുന്നവരും ഒരേ പ്രീമിയം അടയ്ക്കണം എന്ന അവസ്ഥയാണ് ഉള്ളത്.

87.85 കോടിയുടെ ക്ലെയിമുകൾ മെഡിസെപ്പ് പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ ഇൻഷുറൻസ് കമ്പനി നിരസിച്ചിരുന്നു. പ്രീമിയം ഉയരുകയും ക്ലെയിമുകൾ നിരസിക്കുകയും ചെയ്യുന്ന അഭ്യാസമാണ് മെഡിസെപ്പിൽ നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *