പാരീസ്: ഫുട്‌ബോൾ ലോകത്തെ ഏറ്റവും മികച്ച താരങ്ങൾക്കുള്ള 2025-ലെ ബാലൺ ഡി ഓർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. പുരുഷ വിഭാഗത്തിൽ ഫ്രഞ്ച് താരം ഓസ്‌മാൻ ഡെംബെലെയും വനിതാ വിഭാഗത്തിൽ സ്‌പെയിനിന്റെ ഐറ്റാന ബോൺമതിയും പുരസ്‌കാരം സ്വന്തമാക്കി. പാരീസിലെ തിയേറ്റർ ഡു ചാറ്റെലെയിൽ നടന്ന വർണ്ണാഭമായ ചടങ്ങിലാണ് ലോകഫുട്‌ബോളിലെ മികച്ച താരങ്ങളെ പ്രഖ്യാപിച്ചത്.
പാരിസ് സെന്റ് ജെർമെയ്‌ൻ (പിഎസ്‌ജി) ടീമിനുവേണ്ടി മിന്നുന്ന പ്രകടനം കാഴ്ചവെച്ച ഓസ്‌മാൻ ഡെംബെലെ തന്റെ കരിയറിലെ ആദ്യ ബാലൺ ഡി ഓർ പുരസ്‌കാരമാണ് സ്വന്തമാക്കിയത്. പിഎസ്‌ജിക്ക് ചരിത്രത്തിലാദ്യമായി യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം നേടിക്കൊടുക്കുന്നതിൽ ഡെംബെലെയുടെ പ്രകടനം നിർണായകമായിരുന്നു. കഴിഞ്ഞ സീസണിൽ 37 ഗോളുകളും 15 അസിസ്റ്റുകളും നേടിയ ഡെംബെലെ, ബാഴ്‌സലോണയുടെ യുവതാരം ലാമിൻ യമാലിനെയും പിഎസ്‌ജി സഹതാരം വിറ്റിഞ്ഞയെയും പിന്നിലാക്കിയാണ് ബാലൺ ഡി ഓർ പുരസ്‌കാരം നേടിയത്. ഫ്രാൻസിനായി ബാലൺ ഡി ഓർ നേടുന്ന ആറാമത്തെ താരമാണ് ഈ 28-കാരൻ.
വനിതാ വിഭാഗത്തിൽ ബാഴ്‌സലോണയുടെ മിഡ്ഫീൽഡറായ ഐറ്റാന ബോൺമതി തുടർച്ചയായ മൂന്നാം തവണയും പുരസ്‌കാരം നേടി ചരിത്രം കുറിച്ചു. ബാഴ്‌സലോണയ്‌ക്കുവേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച ബോൺമതി സ്പാനിഷ് ടീമിനൊപ്പം യൂറോ ഫൈനലിലും എത്തിയിരുന്നു. ബോൺമതിയുടെ സഹതാരമായ മരിയോണ കാൽഡെന്റി രണ്ടാം സ്ഥാനത്തെത്തി. തുടർച്ചയായി മൂന്ന് തവണ ബാലൺ ഡി ഓർ നേടുന്ന മൂന്നാമത്തെ താരമാണ് ബോൺമതി. ഇതിനു മുൻപ് ലയണൽ മെസ്സിയും മിഷേൽ പ്ലാറ്റിനിയും മാത്രമാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.
മറ്റ് പ്രധാന പുരസ്‌കാരങ്ങൾ
- കോപ ട്രോഫി (മികച്ച യുവതാരം): പുരുഷവിഭാഗത്തിൽ ബാഴ്‌സലോണയുടെ ലാമിൻ യമാലും, വനിതാ വിഭാഗത്തിൽ ബാഴ്‌സലോണയുടെ തന്നെ വിക്കി ലോപ്പസും ഈ പുരസ്‌കാരം നേടി.
- യാഷിൻ ട്രോഫി (മികച്ച ഗോൾകീപ്പർ): പുരുഷവിഭാഗത്തിൽ പിഎസ്‌ജി, മാഞ്ചസ്റ്റർ സിറ്റി ടീമുകൾക്ക് വേണ്ടി കളിച്ച ജിയാൻലൂജി ഡൊണ്ണറുമ്മയും വനിതാ വിഭാഗത്തിൽ ചെൽസിയുടെ ഹന്നാ ഹാംപ്റ്റണും അവാർഡ് നേടി.
- ഗെർഡ് മുള്ളർ ട്രോഫി (മികച്ച ഗോൾസ്‌കോറർ): വിക്ടർ ഗ്യോകെറസ് (പുരുഷൻ), ഇവാ പാജോർ (വനിത).
- മികച്ച ക്ലബ്: പുരുഷ വിഭാഗത്തിൽ പി.എസ്.ജിയും, വനിതാ വിഭാഗത്തിൽ ആഴ്‌സണലും.
- മികച്ച പരിശീലകൻ: പിഎസ്‌ജിയുടെ ലൂയിസ് എൻറിക്കെ (പുരുഷൻ) ഇംഗ്ലണ്ട് ദേശീയ ടീമിന്റെ സറീന വീഗ്മാൻ (വനിത).
