തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ നിയമസഭ തെരഞ്ഞെടുപ്പുകൾ അടുക്കാറായതോടെ സജീവമായി പ്രവചന സിംഹങ്ങൾ. സംസ്ഥാനത്തിലെ അറിയപ്പെടുന്ന പ്രവചന സിംഹമാണ് വെള്ളാപ്പള്ളി നടേശൻ. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലാണ് ഏറ്റവും ഒടുവിൽ വെള്ളാപ്പള്ളിയുടെ പ്രവചനം ഉണ്ടായത്. വെള്ളാപ്പള്ളിയുടെ പ്രവചനം ഫലിച്ചിരുന്നെങ്കിൽ സ്വരാജിൻ്റെ ശബ്ദം നിയമസഭയിൽ മുഴങ്ങിയേനെ. വെള്ളാപ്പള്ളി സ്വരാജിനെ പ്രവചിച്ചതോടെ ആര്യാടൻ ഷൗക്കത്ത് രക്ഷപ്പെട്ടു.
അടുത്ത തെരഞ്ഞെടുപ്പിൽ പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയാകും എന്ന് വെള്ളാപ്പളളി കഴിഞ്ഞ ദിവസം പ്രവചിച്ചു. ഇതിൻ്റെ ഞെട്ടലിൽ ആണ് ക്ലിഫ് ഹൗസ് കുടുംബം. വെള്ളാപ്പള്ളി അനുകുലമായി പ്രവചിക്കുന്നവരുടെ അവസ്ഥ ദയനിയമാണ് എന്നതാണ് ചരിത്രം.
പിണറായി മാറി നിന്നാൽ എൽ.ഡി.എഫ് പൂജ്യമാകും. അതുകൊണ്ട് തന്നെ പിണറായി തന്നെ വീണ്ടും മുഖ്യമന്ത്രിയാകും എന്നാണ് വെള്ളാപ്പള്ളിയുടെ പ്രവചനം. വി.ഡി സതീശൻ മുഖ്യമന്ത്രിയാകില്ല എന്ന മറ്റൊരു പ്രവചനവും വെള്ളാപ്പള്ളി നടത്തി. കോൺഗ്രസിൽ ചെന്നിത്തലയെ ആണ് വെള്ളാപ്പള്ളിക്ക് ഇഷ്ടം. ചെന്നിത്തല ഇരുത്തം വന്ന നേതാവാണ് എന്നാണ് വെള്ളാപ്പള്ളിയുടെ പക്ഷം. വെള്ളാപ്പള്ളിയുടെ വർഗീയ പരാമർശങ്ങൾക്ക് ചുട്ടമറുപടി കൊടുക്കുന്ന ആളാണ് സതീശൻ. വെള്ളാപ്പള്ളിയെ വിമർശിക്കാത്ത കോൺഗ്രസ് നേതാവാണ് ചെന്നിത്തല. പിണറായി വീണാൽ തന്നെ രക്ഷിക്കാൻ ചെന്നിത്തല ഉണ്ടാവുമെന്ന ആത്മവിശ്വാസത്തിലാണ് വെള്ളാപ്പള്ളിയുടെ പ്രവചനങ്ങൾ.
