തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ കോൺഗ്രസ് പാർട്ടിയെ വഞ്ചിക്കുകയാണെന്ന് ആരോപണം. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച് എംഎൽഎയായ രാഹുൽ, പാർട്ടി അച്ചടക്ക നടപടി നേരിട്ടിട്ടും പരസ്യമായി വെല്ലുവിളിക്കുകയും ധിക്കരിക്കുകയും ചെയ്തുവെന്നാണ് പാർട്ടി പ്രവർത്തകർക്കിടയിലെ സംസാരം. പാർട്ടിയുടെ ഭീമമായ സാമ്പത്തിക സഹായത്തോടെ വളർന്ന് വന്ന ഒരു നേതാവ് സ്വന്തം താൽപര്യങ്ങൾക്കായി പാർട്ടിയെ മറന്നു എന്ന വികാരമാണ് പല നേതാക്കൾക്കും.
രാഹുൽ മാങ്കൂട്ടത്തിൽ എന്ന വ്യക്തിയെ ഉയർത്തിക്കൊണ്ടുവരാൻ കോൺഗ്രസ് പ്രസ്ഥാനം നടത്തിയ സാമ്പത്തിക നിക്ഷേപം വലുതാണെന്ന് പാർട്ടി വൃത്തങ്ങൾ പറയുന്നു. യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ പ്രസിഡന്റായി വിജയിക്കാൻ രാഹുലിനെ സഹായിച്ചത് ഈ സാമ്പത്തിക പിന്തുണയാണ്. 2,20,000 വോട്ടുകൾ നേടിയാണ് രാഹുൽ അന്ന് യൂത്ത് കോൺഗ്രസ് പ്രസിഡന്റായത്. പ്രാഥമിക മെമ്പർഷിപ്പ് ഫീസായ 50 രൂപ വെച്ച് കണക്കാക്കിയാൽ പോലും രാഹുലിന്റെ വിജയത്തിനായി പാർട്ടി ചെലവഴിച്ചത് ഏകദേശം 1.1 കോടി രൂപയാണ്. കേവലം ഒന്നര വർഷത്തിനകം പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഹുലിന് പാർട്ടി ടിക്കറ്റ് നൽകി. ഈ തിരഞ്ഞെടുപ്പ് പ്രചാരണത്തിനും എംഎൽഎ ആക്കാനും കോടിക്കണക്കിന് രൂപയാണ് യുഡിഎഫ് സംവിധാനം ചെലവഴിച്ചത്.
ഇത്രയധികം സാമ്പത്തിക സഹായവും പിന്തുണയും നൽകിയിട്ടും, ഗുരുതരമായ ആരോപണങ്ങൾ നേരിടുമ്പോൾ രാഹുൽ മാങ്കൂട്ടത്തിൽ മൗനം പാലിക്കുന്നത് പാർട്ടിയോട് കാണിക്കുന്ന ഉത്തരവാദിത്തമില്ലായ്മയാണെന്ന് വിലയിരുത്തപ്പെടുന്നു. ആരോപണങ്ങൾ പുറത്ത് വന്നതിന് ശേഷം യാതൊരു വിശദീകരണവും നൽകാതെ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ രാഹുൽ, പാർട്ടിയെ വെല്ലുവിളിക്കുകയായിരുന്നു. ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ ഇത്തരം ആരോപണങ്ങൾക്ക് മറുപടി നൽകാൻ ബാധ്യസ്ഥനാണ് എന്ന പാർട്ടി പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ‘ഹു കെയേഴ്സ്’ എന്ന നിലപാടാണ് രാഹുൽ സ്വീകരിക്കുന്നത്. ഇത് പാർട്ടിയിലെ സാധാരണ പ്രവർത്തകരെ പോലും നിരാശരാക്കിയിട്ടുണ്ട്. രാഹുലിന്റെ ഈ നിലപാടുകൾ പാർട്ടിയിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുമോ എന്ന ആശങ്കയും ശക്തമാണ്.
