തിരുവനന്തപുരം: പാർട്ടിയെ പ്രതിസന്ധിയിലാക്കിയ നടപടികളെത്തുടർന്ന് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തെ കോൺഗ്രസിൽ നിന്ന് പുറത്താക്കാൻ സാധ്യത. എ.ഐ.സി.സി.യുടെ തീരുമാനങ്ങൾക്കെതിരെ രാഹുൽ നടത്തിയ നീക്കങ്ങളാണ് നടപടിക്ക് വഴി വെച്ചതെന്നാണ് റിപ്പോർട്ടുകൾ.
പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്ത രാഹുൽ മാങ്കൂട്ടത്തെ പുറത്താക്കാനുള്ള നീക്കങ്ങൾ ഉന്നത നേതൃത്വത്തിൽ സജീവമായി നടക്കുന്നുണ്ട്. എ.ഐ.സി.സിയുടെ അനുമതിയോടെ എടുത്ത തീരുമാനങ്ങളെ അട്ടിമറിക്കാൻ രാഹുൽ നടത്തിയ നീക്കങ്ങൾ പാർട്ടിയെ പ്രകോപിപ്പിച്ചു. നേതൃത്വത്തിനെതിരെ നടന്ന സൈബർ ആക്രമണങ്ങളിലും രാഹുലിന് പങ്കുണ്ടെന്ന് ആരോപണമുയർന്നിരുന്നു.
ദേശീയ തലത്തിൽ വരെ ചർച്ചയായി
രാഹുലിന്റെ നീക്കങ്ങൾ
ദേശീയ മാധ്യമങ്ങളിൽ വരെ വാർത്തയായിരുന്നു. എ.ഐ.സി.സിയെ ധിക്കരിച്ച് രാഹുൽ നീങ്ങുന്നു എന്ന രീതിയിലാണ് വാർത്തകൾ വന്നത്. പാർട്ടി തീരുമാനങ്ങളെ ധിക്കരിച്ച് രാഹുലിന് പിന്തുണ നൽകുന്ന പാർട്ടി വർക്കിംഗ് പ്രസിഡണ്ട് വിഷ്ണുനാഥിന്റെ നീക്കങ്ങളും നേതൃത്വം നിരീക്ഷിക്കുന്നുണ്ട്. രാഹുലിന്റെ പിന്നിൽ ഷാഫി മാത്രമല്ലെന്ന് സൂചനകളുണ്ട്. പ്രസിഡണ്ട് സണ്ണി ജോസഫിന്റെ അയഞ്ഞ നിലപാടുകൾക്ക് പിന്നിലും വിഷ്ണുനാഥാണെന്നാണ് വിവരം.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ, രാഹുലിനെതിരെ കടുത്ത നടപടി വേണമെന്നാണ് പാർട്ടിയിലെ പൊതുവികാരം. ‘രാഹുൽ വേണോ ഭരണം വേണോ’ എന്ന ചോദ്യം ഉയർന്നിട്ടുണ്ട്. കടുത്ത നടപടിയിലേക്ക് നീങ്ങിയാൽ വിഷ്ണുനാഥ് മാളത്തിൽ ഒളിക്കും. പാർട്ടി പുനഃസംഘടന വൈകുന്നതിന് പിന്നിലും വിഷ്ണുനാഥാണ്. പുനഃസംഘടന നടന്നാൽ തൻ്റെ സ്വാധീനം കുറയുമെന്ന കണക്കുകൂട്ടലാണ് അദ്ദേഹത്തിനുള്ളതെന്നാണ് റിപ്പോർട്ട്.
