അയ്യപ്പൻ്റെ സ്വർണ്ണം അടിച്ചു മാറ്റി; ഗുരുതര ആരോപണവുമായി വി.ഡി സതീശൻ; ശബരിമലയിൽ ധൈര്യമില്ലാതെ ഭരണപക്ഷം

തിരുവനന്തപുരം: ഏതു വിഷയവും ചർച്ച ചെയ്യാൻ ധൈര്യമുണ്ടെന്ന് നിയമസഭയിൽ ആവർത്തിച്ച് പ്രഖ്യാപിച്ച ഭരണപക്ഷം, ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദത്തിൽ മലക്കം മറിഞ്ഞു. ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശിൽപ്പം പൊതിഞ്ഞ സ്വർണ്ണപ്പാളി അനുമതിയില്ലാതെ കൊണ്ടുപോവുകയും അതിന്റെ ഭാരം നാല് കിലോയോളം കുറയുകയും ചെയ്ത സംഭവം പ്രതിപക്ഷം അടിയന്തര പ്രമേയമായി കൊണ്ടുവന്നതോടെയാണ് സർക്കാരിന്റെ നിലപാട് മാറിയത്. സ്പീക്കർ അടിയന്തര പ്രമേയം അനുവദിക്കില്ലെന്ന് നിലപാടെടുത്തതോടെ സഭയിൽ ബഹളമായി.

​”അയ്യപ്പന്റെ സ്വർണ്ണം അടിച്ചുമാറ്റി” എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. അനുമതിയില്ലാതെ സ്വർണ്ണപ്പാളി കടത്തിക്കൊണ്ട് പോയി അയ്യപ്പന്റെ സ്വർണ്ണം അടിച്ചുമാറ്റിയത് ഗുരുതരമായ അഴിമതിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തുടർന്ന്, പ്രതിഷേധ സൂചകമായി പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.

​മന്ത്രിമാരായ വി.എൻ. വാസവൻ, എം.ബി. രാജേഷ്, പി. രാജീവ് എന്നിവർ പിന്നീട് ഈ വിഷയത്തിൽ സംസാരിച്ചെങ്കിലും, സ്വർണ്ണപ്പാളിയുടെ ഭാരം നാല് കിലോ കുറഞ്ഞതിനെക്കുറിച്ച് ഒരക്ഷരം പോലും മിണ്ടിയില്ല. ജനങ്ങളെ ബാധിക്കുന്ന മറ്റ് വിഷയങ്ങളായ പോലീസ് അതിക്രമം, അമീബിക് മസ്തിഷ്കജ്വരം, വിലക്കയറ്റം എന്നിവ അടിയന്തര പ്രമേയമായി അവതരിപ്പിച്ചപ്പോൾ ചർച്ചക്ക് തയ്യാറായ സർക്കാർ, ശബരിമല വിഷയത്തിൽ മാത്രം പിന്നോട്ട് പോയത് ഏറെ ശ്രദ്ധേയമായി.

​ജനകീയ വിഷയങ്ങൾ ഉയർത്തി അവയ്ക്ക് പരിഹാരം കണ്ടെത്താൻ യു.ഡി.എഫ് ഈ അവസരം കൃത്യമായി വിനിയോഗിച്ചെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തി. ശബരിമല വിഷയത്തിൽ സർക്കാരിന് ഒളിക്കാൻ ഏറെയുണ്ടെന്ന് വ്യക്തം. സർക്കാരിൻ്റെ ധൈര്യം ചോർന്ന് പോയോ എന്ന ആക്ഷേപമാണ് ഇപ്പോൾ ഉയരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *