ബോംബെ: തന്റെ ഇഷ്ടതാരമായ ഷാരൂഖ് ഖാനോടൊപ്പം കൈകൊടുത്ത സന്തോഷത്തിൽ കൈ കഴുകാതെ ഒരു ദേശീയ അവാർഡ് ജൂറി അംഗം. 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര ചടങ്ങിലാണ് സിനിമാ പ്രേമികളെ ആകർഷിച്ച ഒരു സംഭവം ഉണ്ടായത്. നടി പ്രകൃതി മിശ്രയാണ് ഷാരൂഖ് ഖാനുമായുള്ള കൂടിക്കാഴ്ചയുടെയും കൈകൊടുത്തതിന്റെയും അനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
ഷാരൂഖ് ഖാൻ തന്റെ ആദ്യത്തെ ദേശീയ അവാർഡ് നേടിയത് ജൂറി അംഗമായ പ്രകൃതി മിശ്ര ഉൾപ്പെടെയുള്ള പാനലിലെ 11 അംഗങ്ങളുടെ തീരുമാനപ്രകാരം ആയിരുന്നു. ജവാൻ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഷാരൂഖ് ഖാന് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചത്. 33 വർഷത്തെ സിനിമാ ജീവിതത്തിൽ നടന് ആദ്യമായി ലഭിക്കുന്ന ദേശീയ പുരസ്കാരമാണിത്. അവാർഡ് വേദിയിൽ ഷാരൂഖ് ഖാനുമായി കൈകൊടുത്തതിന്റെ സന്തോഷത്തിൽ, തനിക്ക് ഏറെ പ്രിയപ്പെട്ട വ്യക്തിയെ നേരിൽ കണ്ടപ്പോൾ തൻ്റെ കൈകൾ കഴുകാൻ തോന്നിയില്ലെന്ന് പ്രകൃതി മിശ്ര ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
പ്രകൃതി മിശ്ര പങ്കുവെച്ച ഇൻസ്റ്റാഗ്രാം പോസ്റ്റിൽ, “71-ാമത് ദേശീയ ചലച്ചിത്ര അവാർഡ് ജൂറിയിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ എനിക്ക് അറിയില്ലായിരുന്നു, ഷാരൂഖ് ഖാൻ സാറിന് അർഹിച്ച ദേശീയ അവാർഡ് നേടുന്നതിന് കാരണമായ 11 പേരിൽ ഒരാളായി ഞാൻ മാറുമെന്ന്. ഈ ചരിത്രനിമിഷത്തിന്റെ ഭാഗമായപ്പോൾ എനിക്ക് മനസ്സിലായി, ‘ഒരു കാര്യത്തെ നിങ്ങൾ ആത്മാർത്ഥമായി ആഗ്രഹിച്ചാൽ, അതിനെ നിങ്ങളിലേക്ക് എത്തിക്കാൻ ഈ പ്രപഞ്ചം മുഴുവൻ ശ്രമിക്കും’ എന്ന്,” അവർ കുറിച്ചു. ഷാരൂഖ് ഖാന്റെ വിനയവും കഠിനാധ്വാനവും തനിക്ക് പ്രചോദനമാണെന്നും നടി കൂട്ടിച്ചേർത്തു.
