സണ്ണി ജോസഫ് വെറും പാവ! മാങ്കൂട്ടത്തിൽ നിയമസഭയിൽ എത്തിയത് വിഷ്ണുനാഥിൻ്റെ ആശിർവാദത്തിൽ; ഒപ്പം ഷാഫിയും

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ ഹാജരായതുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ ഉടലെടുത്ത പ്രതിസന്ധി അവസാനിക്കുന്നില്ല. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അടക്കമുള്ളവർക്കെതിരെ സൈബർ ഇടങ്ങളിൽ നടക്കുന്ന സംഘടിത ആക്രമണങ്ങൾക്ക് പിന്നിൽ പാർട്ടിയിലെ ഗ്രൂപ്പ് താൽപര്യങ്ങളാണോ എന്ന സംശയം ശക്തമാവുകയാണ്. രാഹുൽ നിയമസഭയിൽ വന്നാൽ പാർട്ടി പ്രതിരോധത്തിലാകുമെന്ന് നേതൃത്വത്തിന് ബോധ്യമുണ്ടായിട്ടും, ആരാണ് അതിന് പ്രേരിപ്പിച്ചതെന്ന ചോദ്യം കോൺഗ്രസിനുള്ളിൽ തന്നെ ഉയർന്നു കഴിഞ്ഞു. ‘പാർട്ടിയെ സഹായിക്കുകയാണോ ഉപദ്രവിക്കുകയാണോ ചെയ്തത്?’ എന്ന ചോദ്യം ഉന്നയിച്ചുകൊണ്ട് ചില നേതാക്കൾ രഹസ്യമായി രംഗത്തുവന്നതായും റിപ്പോർട്ടുകളുണ്ട്.


വർക്കിംഗ് പ്രസിഡന്റുമാരായ വിഷ്ണു നാഥിൻ്റേയും ഷാഫിയുടേയും മൗനം

പ്രതിപക്ഷ നേതാവിനെതിരെയും മറ്റ് പ്രധാന നേതാക്കൾക്കെതിരെയും ഇത്ര വലിയ സൈബർ ആക്രമണം നടന്നിട്ടും, കെ.പി.സി.സിയുടെ രണ്ട് വർക്കിംഗ് പ്രസിഡന്റുമാരായ വിഷ്ണുവും ഷാഫിയും എന്തുകൊണ്ടാണ് മൗനം പാലിക്കുന്നതെന്ന ചോദ്യം പ്രസക്തമാണ്. ഈ സൈബർ ആക്രമണങ്ങൾ പാർട്ടി വിരുദ്ധ പ്രവർത്തനമാണെന്ന് തുറന്നുപറയാൻ അവർ തയ്യാറാകുന്നില്ല. ഇത് പാർട്ടിയിലെ ഗ്രൂപ്പ് കളികളുടെ ഭാഗമാണോയെന്ന് സംശയിക്കാൻ കാരണം വർക്കിംഗ് പ്രസിഡന്റുമാരായ ഇവരുടെ നിലപാടുകളാണ്. പാർട്ടി ഐക്യത്തിന് ഭീഷണിയുണ്ടാക്കുന്ന വിഷയങ്ങളിൽ അവർ കൃത്യമായ നിലപാട് എടുക്കുന്നില്ലെന്ന് മറ്റു നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.


ഉപദേശം നൽകാൻ ആരുമില്ലേ?

യുവത്വത്തിന്റെ ചാപല്യത്തിൽ രാഹുൽ മാങ്കൂട്ടത്തിന് തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ അത് തിരുത്താൻ ഉപദേശിക്കേണ്ടത് അദ്ദേഹത്തിന്റെ ഒപ്പമുള്ളവരാണ്. ജനങ്ങളാണ് എല്ലാത്തിനും മുകളിലെന്നും, ഒരു ‘അപ്പോളജിറ്റിക്കൽ’ നിലപാട് സ്വീകരിക്കണമെന്നും ഉപദേശിക്കാൻ എന്തുകൊണ്ട് രാഹുലിന്റെ ഉപദേശകരായി നടക്കുന്നവർ തയ്യാറാകുന്നില്ല? രാഹുൽ അകപ്പെട്ട പ്രതിസന്ധിയെക്കാൾ വലുതായി, അത് വെച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് ഇവർ ശ്രമിക്കുന്നതെന്ന ആരോപണം ശക്തമാണ്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് സമയത്ത് പി.വി. അൻവറിന്റെ വീട്ടിൽ രാഹുൽ രഹസ്യമായി പോയതിന് പിന്നിൽ വിഷ്ണുനാഥിൻ്റെ പ്രോത്സാഹനം ഉണ്ടായിരുന്നുവെന്ന് അന്നേ ആക്ഷേപമുയർന്നിരുന്നു. ഇപ്പോഴത്തെ സംഭവങ്ങൾ ഇതിനോട് ചേർത്തുവായിക്കുമ്പോൾ, ഒരു ആയുധത്തിന് കാത്തിരുന്നവരുടെ കൈകളിലേക്ക് രാഹുൽ മാങ്കൂട്ടം ആയുധമായി മാറിയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

വി.ഡി. സതീശൻ രാഹുലിനെ തള്ളിപ്പറഞ്ഞു എന്ന ‘ഇരവാദം’ ഉയർത്തുന്ന ‘എ’ വിഭാഗത്തിലെ സൈബർ സംഘം, ലോജിക്കൽ ആയ ഒരു ചോദ്യത്തിന് ഉത്തരം നൽകുന്നില്ല. മുഖ്യമന്ത്രിയാകാൻ സാധ്യതയുണ്ടെന്ന് കരുതുന്ന ഒരു നേതാവ് എന്തുകൊണ്ടാണ് തൻ്റെ കൂടെയുള്ള ഒരു എം.എൽ.എയെ കൈവിട്ടത് എന്ന് ന്യായീകരിക്കേണ്ട ഉത്തരവാദിത്വം അവർക്കുണ്ട്. അതേസമയം, പാർട്ടിയെ പ്രതിരോധത്തിലാക്കില്ലെന്ന് ഇടയ്ക്കിടെ വിശദീകരിക്കുന്ന രാഹുൽ മാങ്കൂട്ടം, പുറത്തുവന്ന ശബ്ദരേഖയോ ചാറ്റോ തള്ളിപ്പറയാൻ തയ്യാറാകാത്തത് എന്തുകൊണ്ടാണ് എന്നും ചോദ്യമുയരുന്നു.

സംഘടനാപരമായ വെല്ലുവിളികൾ
​എ.ഐ.സി.സിയും കെ.പി.സി.സി. നേതൃത്വവും ഒറ്റക്കെട്ടായി എടുത്ത തീരുമാനത്തെ വെല്ലുവിളിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി റിനോ പി. രാജനും, ജില്ലാ പ്രസിഡന്റ് നേമം ഷജീറും പെരുമാറിയിട്ടും, കെ.പി.സി.സി. പ്രസിഡന്റ് സണ്ണിജോസഫ് വ്യക്തമായ നിലപാട് എടുക്കുന്നില്ല. വർക്കിംഗ് പ്രസിഡന്റുമാരായ വിഷ്ണുവും ഷാഫിയും സണ്ണി ജോസഫിനെ വരിഞ്ഞ് മുറുക്കിയിരിക്കുകയാണ്. ഇവരുടെ കയ്യിലെ പാവയായി സണ്ണി മാറി.
​വി.എം. സുധീരനോ, തൊട്ടുമുമ്പ് പ്രസിഡന്റായിരുന്ന കെ. സുധാകരനോ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്കെതിരെ ശക്തമായ നിലപാടുകൾ എടുത്തവരാണ്. ഈ പശ്ചാത്തലത്തിൽ ആണ് സണ്ണിയുടെ മൗനം ചോദ്യം ചെയ്യപ്പെടുന്നതും.

Leave a Reply

Your email address will not be published. Required fields are marked *