സൂര്യയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ 42 ലക്ഷം രൂപയുടെ തട്ടിപ്പിന് ഇരയായി: 2 കോടിയുടെ വൻ തട്ടിപ്പ് പുറത്ത്; സൂര്യയുടെ വീട്ടിലെ ജോലിക്കാരിയും കുടുംബാംഗങ്ങളും അറസ്റ്റിൽ

ചെന്നൈ: പ്രശസ്ത തമിഴ് നടൻ സൂര്യയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ 42 ലക്ഷം രൂപയുടെ വൻ സാമ്പത്തിക തട്ടിപ്പിന് ഇരയായി. സംഭവവുമായി ബന്ധപ്പെട്ട് സൂര്യയുടെ വീട്ടിലെ ജോലിക്കാരിയും കുടുംബാംഗങ്ങളും ഉൾപ്പെടെ നാല് പേർ അറസ്റ്റിലായി. പോലീസ് അന്വേഷണത്തിൽ ഇത് 2 കോടിയിലധികം രൂപയുടെ തട്ടിപ്പ് റാക്കറ്റാണെന്ന് കണ്ടെത്തി.

​നടൻ സൂര്യയുടെ പോലീസ് സുരക്ഷാ ഉദ്യോഗസ്ഥനായ ആന്റണി ജോർജ് പ്രഭുവാണ് തട്ടിപ്പിനിരയായത്. സൂര്യയുടെ വീട്ടിലെ ജോലിക്കാരിയായിരുന്ന സുലോചനയും മകനും ചേർന്ന് ഉയർന്ന ലാഭം വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. വിശ്വാസം നേടുന്നതിനായി ആദ്യം ഒരു ലക്ഷം രൂപയ്ക്ക് 30 ഗ്രാം സ്വർണം തിരികെ നൽകി. ഇത് വിശ്വസിച്ച് പ്രഭു പലതവണയായി 42 ലക്ഷം രൂപ നിക്ഷേപിച്ചു. എന്നാൽ, പണം തിരികെ ചോദിച്ചു തുടങ്ങിയപ്പോൾ സുലോചനയുടെ കുടുംബം ഒളിവിൽ പോവുകയായിരുന്നു.

​തുടർന്ന് പ്രഭു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ഈ കുടുംബം ചെന്നൈയിൽ നിരവധി പേരെ കബളിപ്പിച്ച് 2 കോടിയിലധികം രൂപ തട്ടിയെടുത്തതായി പോലീസ് കണ്ടെത്തി. തട്ടിപ്പിൽ പങ്കാളികളായ ബാലാജി, ഭാസ്കർ, സുലോചന, വിജയലക്ഷ്മി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. തട്ടിപ്പിനെക്കുറിച്ച് അറിഞ്ഞ ഉടൻ സൂര്യ ഇവരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *