ഡൽഹി: ഡൽഹിയിലെ പ്രമുഖ ആശ്രമങ്ങളിൽ ഒന്നായ വസന്ത് കുഞ്ചിലെ ശ്രീ ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്‌മെന്റ് ഡയറക്ടറായിരുന്ന സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരെ ഗുരുതരമായ ലൈംഗികാതിക്രമ ആരോപണം. ഒഡീഷ സ്വദേശിയായ ഇദ്ദേഹത്തിന്റെ യഥാർത്ഥ പേര് പാർത്ഥസാരഥി എന്നാണ്. ആശ്രമത്തിലെ യുവതികളെ ലൈംഗികമായി പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്തുവെന്നാണ് ആരോപണം. 50-ഓളം യുവതികളുടെ മൊബൈൽ ഫോണുകളിൽ നിന്ന് ലഭിച്ച വാട്ട്‌സ്ആപ്പ് സന്ദേശങ്ങളാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുകൊണ്ടുവന്നത്. കഴിഞ്ഞ 16 വർഷമായി ഈ അതിക്രമങ്ങൾ തുടരുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ലഭിച്ച വിവരങ്ങൾ അനുസരിച്ച്, സ്വാമി ചൈതന്യാനന്ദ സരസ്വതി യുവതികൾക്ക് അശ്ലീല സന്ദേശങ്ങൾ അയക്കുകയും, നിർബന്ധിച്ച് ശരീരത്തിൽ സ്പർശിക്കുകയും ചെയ്തിരുന്നു. ഇരകളിൽ ഭൂരിഭാഗവും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളിൽ നിന്നുള്ളവരായിരുന്നു. പഠനത്തിൽ മോശം മാർക്ക് നൽകുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാൾ ഇവരെ ബ്ലാക്ക്‌മെയിൽ ചെയ്തിരുന്നത്. ഈ അതിക്രമങ്ങൾക്ക് മൂന്ന് വനിതാ വാർഡൻമാർ ഇയാൾക്ക് സഹായം നൽകിയിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. ഇവർ ഇരകളെ ഭീഷണിപ്പെടുത്തുകയും പ്രേരിപ്പിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ഓഗസ്റ്റ് ആദ്യം 17 യുവതികൾ ഡൽഹിയിലെ ഡിഫൻസ് കോളനി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതിനുമുമ്പ് 2009-ലും 2016-ലും ഇയാൾക്കെതിരെ രണ്ട് പീഡനക്കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
