ഖജനാവ് കാലി! ശമ്പളവും പെൻഷനും കൊടുക്കാൻ 2000 കോടി കടമെടുക്കും; 6 മാസത്തിനിടയിൽ കടമെടുത്തത് 29000 കോടി

തിരുവനന്തപുരം: ശമ്പളവും പെൻഷനും കൊടുക്കാൻ പണമില്ലാതെ ആയതോടെ സർക്കാർ വീണ്ടും കടമെടുക്കുന്നു. സെപ്റ്റംബർ 30-ന് 2000 കോടി രൂപ കടമെടുക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ഇതോടെ
ഈ സാമ്പത്തിക വർഷത്തെ ആകെ കടമെടുപ്പ് 29,000 കോടി രൂപയായി.

ഏപ്രിലിൽ 3000 കോടി, മേയിൽ 4000 കോടി, ജൂണിൽ 5000 കോടി, ജൂലൈയിൽ 5000 കോടി, ഓഗസ്റ്റിൽ 6000 കോടി, സെപ്റ്റംബറിൽ 6000 കോടി എന്നിങ്ങനെയാണ് ഈ സാമ്പത്തിക വർഷം ഇതിനകം കടമെടുത്ത തുക.ഈ സാമ്പത്തിക വർഷം 39876 കോടി രൂപ സംസ്ഥാനത്തിന് കടമെടുക്കാൻ സാധിക്കുമെന്ന് ബാലഗോപാൽ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തിൻ്റെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിൻ്റെ 3 ശതമാനമാണ് കടമെടുപ്പ് പരിധി . 13,29,195 കോടിയാണ് സംസ്ഥാനത്തിൻ്റെ മൊത്തം ആഭ്യന്തരോൽപാദനം.

സാമ്പത്തിക വർഷത്തെ ആദ്യ ഒൻപത് മാസത്തേക്ക് 34, 363 കോടി രൂപ കടമെടുക്കാൻ കേന്ദ്രം അനുമതി നൽകിയിട്ടുണ്ട്. ഇതിൽ 29000 കോടിയും കടമെടുത്തതോടെ 5363 കോടി മാത്രമാണ് അവശേഷിക്കുന്നത്. ഒക്ടോബർ , നവംബർ, ഡിസംബർ എന്നീ 3 മാസങ്ങൾ മറികടക്കാൻ സർക്കാരിന് 5363 കോടി മാത്രമേ എടുക്കാൻ സാധിക്കൂ. ഈ കണക്കുകൾ സൂചിപ്പിക്കുന്നത് സംസ്ഥാനത്ത് ശമ്പളവും പെൻഷനും പോലും മുടങ്ങാൻ സാധ്യത ഉണ്ടെന്നാണ് . കൃത്യമായ ധനകാര്യ മാനേജ്മെൻ്റ് ഇല്ലെങ്കിൽ കാര്യങ്ങൾ വഴുതിപ്പോകും.

തെരഞ്ഞെടുപ്പ് വർഷത്തിൽ ശമ്പളവും പെൻഷനും മുടങ്ങിയാൽ സർക്കാരിൻ്റെ കാര്യം കട്ടപൊക ആകും. ഇത് മറികടക്കാൻ കഴിഞ്ഞ സാമ്പത്തിക വർഷത്തെ പോലെ പദ്ധതികൾ വെട്ടിച്ചുരുക്കാനാണ് ബാലഗോപാൽ ആലോചിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം പ്ലാൻ – ബി എന്ന പേരിൽ 50 ശതമാനം പദ്ധതികൾ വെട്ടിച്ചുരുക്കിയിരുന്നു.

ഖജനാവ് കാലിയായതിനെ തുടർന്ന് ആഗസ്ത് 19 മുതൽ ധനമന്ത്രി കടുത്ത ട്രഷറി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ദൈനംദിന ചെലവുകൾക്കുള്ള ബില്ലുകളുടെ പരിധി 25 ലക്ഷത്തിൽനിന്ന് 10 ലക്ഷം രൂപയായി കുറച്ചു. 10 ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾ പാസാകാൻ ധനവകുപ്പിന്റെ പ്രത്യേക അനുമതി നിർബന്ധമാക്കിയിട്ടുണ്ട്. ഈ നിയന്ത്രണം കൂടുതൽ കർശനമാക്കാനാണ് സർക്കാർ ആലോചിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *