കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച ജില്ലാ കലക്ടർക്കെതിരെ രക്ഷിതാക്കൾക്കിടയിൽ രോഷം പുകയുന്നു. അവധി പ്രഖ്യാപിച്ചതിലല്ല, മറിച്ച് അവധി വിവരം അറിയിക്കാൻ വൈകിയതിലാണ് കലക്ടറുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിൽ രക്ഷിതാക്കൾ പ്രതിഷേധം അറിയിച്ചിരിക്കുന്നത്.
ഇന്ന് (സെപ്റ്റംബർ 26, 2025) രാവിലെയാണ് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ അവധി പ്രഖ്യാപിച്ചത്. എന്നാൽ, രാത്രി മുതൽ ശക്തമായ മഴ തുടരുമ്പോഴും രാവിലെ 6.15-ന് ശേഷം മാത്രം അവധി പ്രഖ്യാപിച്ചത് രക്ഷിതാക്കൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കി.
രക്ഷിതാക്കളുടെ ചോദ്യം: “മാഡം ഇപ്പോഴാണോ ഉണർന്നത്?”
സ്കൂളുകളിലേക്ക് പോകാനായി കുട്ടികളെല്ലാം ഒരുങ്ങി നിൽക്കുകയും, ചിലയിടങ്ങളിൽ സ്കൂൾ ബസുകൾ വീട്ടിലേക്ക് എത്തിച്ചേരാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കുകയും ചെയ്യുന്ന സമയത്താണ് അവധി പ്രഖ്യാപനം വന്നത്. ഇതാണ് പ്രതിഷേധത്തിന് പ്രധാന കാരണം.
”കുറച്ചു കൂടി കഴിഞ്ഞിട്ട് പ്രഖ്യാപിച്ചാൽ മതിയായിരുന്നല്ലോ. ഇന്നലെ മുതൽ തുടങ്ങിയ മഴയാണ്. രാത്രി മുഴുവൻ മഴ ആയിരുന്നു. കുട്ടികൾ എല്ലാം റെഡി ആയിട്ടു എന്തിനാ ഇപ്പൊ ഒരു അവധി. മാഡം ഇപ്പോഴാണോ ഉണർന്നത്” – ഒരു രക്ഷിതാവ് കലക്ടറുടെ പോസ്റ്റിന് താഴെ കമന്റ് ചെയ്തു.
മറ്റൊരു രക്ഷിതാവ് ഇങ്ങനെ കുറിച്ചു: “ഒരു ഉച്ച ആകുമ്പോൾ പ്രഖ്യാപിച്ചാൽ കുറച്ചുകൂടി സൗകര്യത്തിൽ കാര്യങ്ങൾ ചെയ്യാമായിരുന്നു. ഇത് 6.15-ന് കൊച്ചിനെ വിളിക്കുന്നതിന് മുൻപ് വരെയും നോക്കിയതാ. സ്കൂൾ ബസ് വരുന്നതിന് കൃത്യം 5 മിനിറ്റ് മുൻപ് അപ്ഡേറ്റ്.” കൃത്യസമയത്തിന് തൊട്ടുമുമ്പുള്ള ഈ പ്രഖ്യാപനം പലരുടെയും പ്രഭാത ദിനചര്യകളെ താളം തെറ്റിച്ചു.
