​വെള്ളാപ്പള്ളി പ്രതിയായ​മൈക്രോഫിനാൻസ് തട്ടിപ്പ് കേസ്: പുറത്ത് വന്നത് ആയിരക്കണക്കിന് കുടുംബങ്ങൾ റവന്യു റിക്കവറി നേരിട്ടപ്പോൾ

തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോഫിനാൻസ് പുറത്ത് വന്നത് ആയിരകണക്കിന് കുടുംബങ്ങൾ റവന്യു റിക്കവറി നേരിട്ടപ്പോൾ. 2003-നും 2015-നും ഇടയിൽ കേരള സംസ്ഥാന പിന്നാക്ക വികസന കോർപറേഷനിൽ നിന്ന് കോടിക്കണക്കിന് രൂപ വായ്പയെടുത്ത് വൻ അഴിമതി നടത്തിയെന്ന ആരോപണങ്ങളാണ് കേസിലെ മുഖ്യവിഷയം. കുറഞ്ഞ പലിശയ്ക്ക് കോർപറേഷനിൽ നിന്ന് വായ്പയെടുത്ത്, അത് ഉയർന്ന പലിശയ്ക്ക് സ്വയം സഹായ സംഘങ്ങൾക്ക് വിതരണം ചെയ്യുകയും, നിലവിലില്ലാത്ത ആളുകളുടെ പേരിൽ പോലും വായ്പകൾ അനുവദിക്കുകയും ചെയ്തുവെന്നാണ് പരാതി.

​അച്ചാർ, ജാം, സോപ്പ് നിർമാണ യൂനിറ്റുകൾ പോലുള്ള ചെറുകിട സംരംഭങ്ങളുടെ പേരിൽ വ്യാജമായി പദ്ധതി രേഖകൾ ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്. 2014 ജൂൺ 19-ന് കോർപറേഷന്റെ കൊല്ലം ശാഖയിൽ നിന്ന് എസ്.എൻ.ഡി.പി യോഗം അഞ്ച് കോടി രൂപ വായ്പയെടുത്തത് ഈ രീതിയിലാണ്. കോർപറേഷൻ അധികൃതർ നടത്തിയ അന്വേഷണത്തിലാണ് പലരും തങ്ങളുടെ പേരിൽ വായ്പയെടുത്ത വിവരം അറിയുന്നത്.

​ഏകദേശം അയ്യായിരത്തോളം കുടുംബങ്ങൾ റവന്യൂ റിക്കവറി നടപടികൾ നേരിടാൻ തുടങ്ങിയതോടെയാണ് ഈ തട്ടിപ്പിന്റെ വ്യാപ്തി പുറത്തുവന്നത്. ഈ വിഷയത്തിൽ പത്തനംതിട്ട എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റും കെപ്കോ ചെയർമാനുമായ കെ. പത്മകുമാറിനെതിരെ 2015 നവംബറിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിന് പിന്നാലെ 12-ഓളം കേസുകൾ കൂടി രജിസ്റ്റർ ചെയ്യപ്പെട്ടു.

​മൈക്രോഫിനാൻസ് പദ്ധതിയിൽ വ്യാപകമായ അഴിമതി നടന്നതായി ആരോപിച്ച് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാനന്ദൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നൽകിയത് 2014 ഒക്ടോബർ 13-നാണ്. പരാതിയിൽ നടപടിയുണ്ടാകാത്തതിനെ തുടർന്ന് വി.എസ്. വീണ്ടും പരാതി നൽകുകയും, കോടതിയെ സമീപിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇതേത്തുടർന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.

​തുടർന്ന്, വി.എസ്. അച്യുതാനന്ദൻ നൽകിയ ഹർജിയിൽ 2016 ജനുവരിയിൽ തിരുവനന്തപുരം വിജിലൻസ് കോടതി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *