മാങ്കൂട്ടത്തെ പാലക്കാട് എത്തിച്ച് വി എസ് ഗ്രൂപ്പ്! പിണറായിയെ സഹായിക്കുന്ന പഞ്ചാര ഗ്രൂപ്പിനെതിരെ കോൺഗ്രസിൽ അമർഷം; പിറവിക്ക് പിന്നാലെ VRS എടുക്കേണ്ടി വരുമോ വി എസ് ഗ്രൂപ്പ്?

കോഴിക്കോട് : മാങ്കൂട്ടത്തെ പാലക്കാട് എത്തിച്ച് വി.എസ് ഗ്രൂപ്പ്. ഹൈക്കമാൻ്റിൻ്റെ അംഗീകാരത്തോടെ രാഹുലിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്ത നടപടിയെ തുടക്കം മുതലെ വി.എസ് ഗ്രൂപ്പ് അംഗികരിച്ചിരുന്നില്ല. മുന്നിൽ നിന്ന് പറയാതെ ഒളിഞ്ഞ് നിന്ന് സഹായിക്കുന്ന നിലപാട് ആണ് ഇക്കാര്യത്തിൽ ഇവർ സ്വീകരിച്ചത്. നേതൃത്വത്തിനെതിരെ സൈബർ ആക്രമണം നടത്തി നിയന്ത്രണത്തിൽ കൊണ്ട് വരാൻ ശ്രമിച്ചെങ്കിലും അക്കാര്യത്തിൽ ഇവർ വിജയിച്ചില്ല. ലൈംഗീക ആരോപണ വിവാദത്തെ തുടർന്ന് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്ത രാഹുലിനെ പിന്താങ്ങാൻ വേണ്ടി ഉണ്ടായ കോൺഗ്രസിലെ പുതിയ ഗ്രൂപ്പാണ് വി. എസ് ഗ്രൂപ്പ്. വർക്കിംഗ് പ്രസിഡണ്ടുമാരായ വിഷ്ണുനാഥിൻ്റേയും ഷാഫിയുടേയും പേരിലെ ആദ്യ അക്ഷരങ്ങളോടെ പിറവി കൊണ്ട് ഗ്രൂപ്പാണ് വി.എസ് ഗ്രൂപ്പ്. ആൻ്റണിയുടെ പേരിലുള്ള എ ഗ്രൂപ്പിലായിരുന്നു ഇരുവരും.

ലൈംഗീക വിഷയത്തിൽ രാഹുലിനെ പിന്തുണയ്ക്കാൻ ഉമ്മൻ ചാണ്ടി പുത്രൻ ചാണ്ടി ഉമ്മൻ തയ്യാറായില്ല. ചാണ്ടി ഉമ്മനൊപ്പമാണ് എ ഗ്രൂപ്പിലെ ഭൂരിഭാഗവും. എ ഗ്രൂപ്പിലെ പ്രമുഖരെ തങ്ങളുടെ പാളയത്തിലേക്ക് അടുപ്പിക്കാൻ ഇരുവരും ശ്രമിച്ചെങ്കിലും വിജയിച്ചില്ല. രാഹുലിൻ്റെ ആദ്യ അക്ഷരമായ R കൂടി നടുക്കിട്ടാൽ ഈ ഗ്രൂപ്പ് അധികം താമസിയാതെ സ്വയം ഇല്ലാതാകും ( VRS ) എ. കാരണം നിലപാടുകളുടെ പേരിലാണ് കോൺഗ്രസിലെ ഗ്രൂപ്പുകളുടെ പിറവി. ഇതേ പോലുള്ള വിഷയത്തിൽ പിറവി എടുക്കുന്ന ഗ്രൂപ്പിന് എത്ര നാൾ മുന്നോട്ട് പോകാൻ സാധിക്കും?.കോൺഗ്രസിനേയും ഹൈക്കമാൻ്റിനേയും ധിക്കരിച്ച് പോകുന്ന വി. എസ് ഗ്രൂപ്പ് അധികം താമസിയാതെ വി ആർ എസ് എടുക്കേണ്ടി വരും എന്നാണ് രാഷ്ട്രിയ നിരീക്ഷകർ പറയുന്നത്.

തദ്ദേശ , നിയമസഭ തെരഞ്ഞെടുപ്പുകൾ നടക്കാൻ ഏതാനും മാസം മാത്രം ആണ് ഉള്ളത്. പുതിയ ഒരു ഗ്രൂപ്പിന് കോൺഗ്രസിൽ പ്രസക്തി ഇല്ല. ജനവികാരം സർക്കാരിന് എതിരായതോടെ ഒരുമിച്ച് നിന്നാൽ ഭരണം പിടിക്കാം എന്നാണ് അവസ്ഥ. രാഹുൽ ഏതോ മൽസരത്തിൽ പങ്കെടുത്ത് മെഡൽ നേടി എന്ന രീതിയിലാണ് വി.എസ് ഗ്രൂപ്പിൻ്റെ ആഹ്ളാദ പ്രകടനം.
നിലമ്പൂർ ഉപതെരഞ്ഞടുപ്പിലെ വിജയത്തിന് ശേഷം വർധിത വീര്യത്തോടെ ഭരണം ലക്ഷ്യമിട്ട് നീങ്ങിയ യു.ഡി എഫിന് തലക്കേറ്റ അടിയായിരുന്നു മാങ്കൂട്ടം വിവാദം. മറ്റൊരു പാർട്ടിയും സ്വീകരിക്കാത്ത ശക്തമായ നിലപാട് ഇക്കാര്യത്തിൽ കോൺഗ്രസ് നേതൃത്വം സ്വീകരിച്ചത് വഴി മാങ്കൂട്ടം മാനക്കേടിൽ നിന്ന് തലയൂരാൻ കോൺഗ്രസിന് സാധിച്ചു. അതിനിടയിലാണ് പാർട്ടിയിലെ പ്രധാന കസേരകളിൽ ഇരുന്ന് കോൺഗ്രസിനും യു.ഡി.എഫിനും അള്ള് വയ്ക്കുന്ന പരിപാടിയുമായി വി എസ് ഗ്രൂപ്പ് രംഗത്തിറങ്ങിയത്.

ഗ്രൂപ്പ് കളിച്ച് കോൺഗ്രസിൻ്റെ ചെങ്ങന്നൂർ മണ്ഡലം സിപിഎമ്മിന് കാഴ്ച വച്ച വിഷ്ണുനാഥ് തെരഞ്ഞെടുപ്പ് ഘട്ടത്തിൽ ഗ്രൂപ്പ് കളിക്ക് ഇറങ്ങുന്നത് കുണ്ടറയിൽ ദോഷം ചെയ്യുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. പുറത്ത് വന്ന സംഭാഷണങ്ങൾ തൻ്റേതല്ല എന്ന് മാങ്കൂട്ടം ഇതുവരെ നിക്ഷേധിച്ചില്ല. അത് നിഷേധിക്കുകയോ മാനനഷ്ടത്തിന് കേസ് കൊടുക്കയോ ചെയ്യാത്തിടത്തോളം കാലം മാങ്കൂട്ടത്തെ സംരക്ഷിക്കേണ്ട ബാധ്യത കോൺഗ്രസിനില്ല. തെരഞ്ഞെടുപ്പ് ഘട്ടത്തിൽ വി എസ് ഗ്രൂപ്പ് പിണറായിക്ക് ചെയ്യുന്ന സഹായം ചില്ലറയല്ല. എന്നും സ്ത്രീ പക്ഷ നിലപാട് ഉയർത്തിപിടിച്ച ആളായിരുന്നു വി എസ് അച്യുതാനന്ദൻ. അദ്ദേഹത്തിൻ്റെ പേരിൽ കോൺഗ്രസിലെ പുതിയ ഗ്രൂപ്പ് ഉണ്ടായത് ലൈംഗീക ആരോപണ വിധേയനായ നേതാവിനെ സംരക്ഷിക്കാൻ വേണ്ടിയാണെന്ന രാഷ്ട്രിയ കൗതുകത്തിന് കൂടിയാണ് കേരളം സാക്ഷ്യം വഹിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *