ജനത്തിന് ആശ്വാസം, വില കുറയും: ജി എസ് ടി നികുതി നിരക്ക് മാറ്റം നാളെ മുതൽ

തിരുവനന്തപുരം: സെപ്റ്റംബർ 3-ന് ചേർന്ന 56-ാമത് ജി.എസ്.ടി. കൗൺസിൽ യോഗത്തിലെ തീരുമാനമനുസരിച്ച്, ജി.എസ്.ടി. ബാധകമായ നിരവധി സാധനങ്ങളുടെയും സേവനങ്ങളുടെയും നികുതി നിരക്കിൽ മാറ്റം വരുത്തിക്കൊണ്ട് വിജ്ഞാപനങ്ങൾ പുറപ്പെടുവിച്ചു. ഈ മാറ്റങ്ങൾ നാളെ (സെപ്റ്റംബർ 22) മുതൽ പ്രാബല്യത്തിൽ വരും. അവശ്യസാധനങ്ങളുടെയും ദൈനംദിന ഉപയോഗ സാധനങ്ങളുടെയും നികുതി നിരക്ക് കുറയുമെന്നാണ് കൗൺസിൽ വിലയിരുത്തുന്നത്.

​വ്യാപാരികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

​പുതുക്കിയ നികുതി നിരക്കനുസരിച്ചുള്ള ടാക്സ് ഇൻവോയ്സുകൾ സെപ്റ്റംബർ 22 മുതൽ നൽകുന്നതിന് ആവശ്യമായ മാറ്റങ്ങൾ വ്യാപാരികളും സേവനദാതാക്കളും അവരുടെ ബില്ലിംഗ് സോഫ്റ്റ്‌വെയറിൽ വരുത്തണം. നികുതി മാറ്റം വരുന്ന സാധനങ്ങൾ സ്റ്റോക്കിലുണ്ടെങ്കിൽ, സെപ്റ്റംബർ 21-ലെ ക്ലോസിംഗ് സ്റ്റോക്ക് പ്രത്യേകമായി രേഖപ്പെടുത്തിവെക്കണം. നികുതി നിരക്ക് കുറഞ്ഞ സാഹചര്യത്തിൽ, അതിന്റെ ഗുണഫലം ഉപഭോക്താക്കൾക്ക് കൈമാറണം. നികുതി ബാധ്യത ഒഴിവാക്കിയ സാധനങ്ങളുടെയും സേവനങ്ങളുടെയും ഭാഗമായുള്ള സ്റ്റോക്കിന്റെ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് റിവേഴ്സൽ ചെയ്യേണ്ടതുൾപ്പെടെയുള്ള നടപടികൾ വ്യാപാരികൾ സ്വീകരിക്കണം.

​പുകയില ഉത്പന്നങ്ങൾക്ക് മാറ്റമില്ല

​സിഗരറ്റ്, ബീഡി, ഗുഡ്ക, പാൻമസാല തുടങ്ങിയ ഉത്പന്നങ്ങളുടെ നികുതി നിരക്ക് 40% ആയി ഉയർത്താൻ കൗൺസിൽ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഈ മാറ്റം സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരില്ല. ഇത് പിന്നീട് വിജ്ഞാപനം ചെയ്യുന്ന തീയതി മുതലേ നടപ്പിലാകുകയുള്ളൂ. അതിനാൽ, ഈ ഉത്പന്നങ്ങൾ കൈകാര്യം ചെയ്യുന്ന വ്യാപാരികൾക്ക് തൽസ്ഥിതി തുടരാം. നിരക്ക് മാറ്റം പിന്നീട് വിജ്ഞാപനം ചെയ്യും.

​കൂടുതൽ വിവരങ്ങൾ

​വ്യാപാരികൾ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചുള്ള വിവരങ്ങൾ സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ വെബ്സൈറ്റായ www.keralataxes.gov.in-ൽ ലഭ്യമാണ്. വിശദവിവരങ്ങൾക്കായി വകുപ്പ് പുറപ്പെടുവിച്ച വിജ്ഞാപനങ്ങൾ കാണേണ്ടതാണ്. നികുതി നിരക്ക് മാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വ്യാപാരികൾ / സേവനദാതാക്കൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും നികുതി കുറച്ചതിന്റെ പ്രയോജനം ജനങ്ങൾക്ക് അനുഭവവേദ്യമാക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്നും സംസ്ഥാന ചരക്ക് സേവന നികുതി കമ്മീഷണർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *