ന്യൂഡൽഹി: മുഖ്യമന്ത്രി പദത്തിലേക്കുള്ള ചുവടുവെപ്പുകൾ സജീവമാക്കാൻ ലക്ഷ്യമിട്ട് രമേശ് ചെന്നിത്തല നടത്തിയ ഡൽഹി നീക്കങ്ങൾക്ക് തിരിച്ചടി. സോണിയ ഗാന്ധിയെ നേരിൽ കണ്ട് പിന്തുണ തേടാനുള്ള ചെന്നിത്തലയുടെ ശ്രമം ഫലം കണ്ടില്ല. കൂടിക്കാഴ്ചയ്ക്ക് സോണിയ ഗാന്ധി അനുമതി നിഷേധിച്ചതിനെ തുടർന്ന് ഞായറാഴ്ച രാത്രിയോടെ അദ്ദേഹം കേരളത്തിലേക്ക് മടങ്ങി.
ഡൽഹിയിലെ നാടകീയ നീക്കങ്ങൾ
ശനിയാഴ്ച വൈകുന്നേരം എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുമായി ചെന്നിത്തല കൂടിക്കാഴ്ച നടത്തിയിരുന്നു. കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, സണ്ണി ജോസഫ് എന്നിവരും ഈ ചർച്ചയിൽ പങ്കാളികളായിരുന്നു. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം വി.ഡി. സതീശനും സണ്ണി ജോസഫും അന്ന് തന്നെ കേരളത്തിലേക്ക് മടങ്ങിയെങ്കിലും ചെന്നിത്തല ഡൽഹിയിൽ തുടരുകയായിരുന്നു.
സോണിയ ഗാന്ധിയെ വ്യക്തിപരമായി കണ്ട് തന്റെ രാഷ്ട്രീയ മോഹങ്ങൾക്ക് അനുകൂലമായ നിലപാട് നേടിയെടുക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ഞായറാഴ്ച കൂടി കാഴ്ചക്ക് ചെന്നിത്തല ശ്രമിച്ചെങ്കിലും അനുമതി ലഭിച്ചില്ല.
ഇതേ തുടർന്ന് ഞായറാഴ്ച രാത്രി വൈകി അദ്ദേഹം കേരളത്തിലേക്ക് മടങ്ങി. സോണിയ ഗാന്ധിയുമായി ചർച്ച നടത്തിയതിന് ശേഷം മാത്രമേ കോൺഗ്രസ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കൂ. സംസ്ഥാനത്തിൻ്റെ സ്ഥിതിഗതികൾ സോണിയ ഗാന്ധി സസൂഷ്മം നിരീക്ഷിക്കുന്നുണ്ട്. ഇത് മനസിലാക്കിയാണ് ചെന്നിത്തല കൂടികാഴ്ചയ്ക്ക് ശ്രമിച്ചത്.
