ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ജി.എസ്.ടി പരിഷ്കരണങ്ങളെയും ‘ജി.എസ്.ടി ബചത് ഉത്സവ്’ എന്ന ആശയത്തെയും രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ആഴത്തിലുള്ള സാമ്പത്തിക മുറിവുകൾക്ക് മോദി സർക്കാർ താൽക്കാലിക ബാൻഡ് എയ്ഡ് ചികിത്സ നൽകുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
’ഒരു രാജ്യം ഒരു നികുതി’ എന്ന കോൺഗ്രസിൻ്റെ ആശയം മോദി സർക്കാർ ‘ഒരു രാജ്യം ഒമ്പത് നികുതി’ എന്നാക്കി മാറ്റിയെന്നും ഖാർഗെ വിമർശിച്ചു. 0%, 5%, 12%, 18%, 28% എന്നിങ്ങനെയുള്ള നികുതി നിരക്കുകൾ കൂടാതെ 0.25%, 1.5%, 3%, 6% എന്നിങ്ങനെ പ്രത്യേക നിരക്കുകളും സർക്കാർ അവതരിപ്പിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ജി.എസ്.ടി ലളിതമാക്കാൻ പത്ത് വർഷം മുമ്പ് കോൺഗ്രസ് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നതാണ്. എന്നാൽ, കാർഷിക മേഖലയിലെ 36 സാധനങ്ങൾക്ക് പോലും നികുതി ചുമത്തി കർഷകരെ സർക്കാർ ബുദ്ധിമുട്ടിക്കുകയാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
നവരാത്രി ദിനം മുതൽ ജി.എസ്.ടി. ബചത് ഉത്സവം ആരംഭിക്കുമെന്നും 99 ശതമാനം സാധനങ്ങളും 5 ശതമാനം നികുതി സ്ലാബിലേക്ക് വരുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മല്ലികാർജുൻ ഖാർഗെയുടെ പ്രതികരണം.
