ചെലവ് 1000 കോടി, സർവ്വം പി.ആർ മയം! ജനങ്ങൾ അകന്നത് എങ്ങനെ, പരിഹാരം എന്ത്? പഠിക്കാൻ പി.ആർ ടീമിനെ നിയോഗിച്ച് സി പി എം; ഭരണത്തിൽ ഹാട്രിക്ക് നേടാൻ 50 പി.ആർ ടീമുകളെ ഇറക്കി സി പി എം

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് അടുത്തതോടെ കോളടിക്കുന്നത് പി. ആർ ടീമുകൾക്ക്. നവംബറിൽ തദ്ദേശ തെരഞ്ഞെടുപ്പും ഏപ്രിലിൽ നിയമസഭ തെരഞ്ഞെടുപ്പും നടക്കും. തെരഞ്ഞെടുപ്പ് നേരിടാനും തന്ത്രങ്ങൾ ഒരുക്കാനും വിദേശ പി.ആർ ടീം മുതൽ സ്വദേശ പി.ആർ ടീമിനെ വരെ ഇറക്കിയിരിക്കുകയാണ് മുഖ്യ ഭരണകക്ഷിയായ സി.പി.എം.

പ്രധാന നേതാക്കൾക്ക് മാത്രമാണ് പി. ആർ. ടീമിനെ കുറിച്ച് അറിയാവുന്നത്. സംസ്ഥാന , ജില്ലാ തലത്തിലെ നേതാക്കൾ എല്ലാം പി.ആർ ടീമിനെ കുറിച്ച് അജ്ഞരാണ്. മായാവി മോഡലിൽ ആയിരിക്കും ഭൂരിഭാഗം പി.ആർ ടീമും പ്രവർത്തിക്കുക.

ലോകസഭ , നിയമസഭ, തദ്ദേശ ഉപതെരഞ്ഞെടുപ്പുകളിലെ ഫലങ്ങൾ തലനാരിഴ കീറി മുഖ്യ പി.ആർ. ടീം പരിശോധിക്കുന്നുണ്ട്. ജനങ്ങൾ സർക്കാരിൽ നിന്ന് അകന്നു എന്ന വ്യക്തമായ റിപ്പോർട്ട് അവർ നൽകിയിട്ടുണ്ട്. ജനങ്ങൾ അകന്നത് എങ്ങനെ, പരിഹാരം എന്ത് ? ഇതിനെ കുറിച്ച് പഠിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് നൽകാൻ മുഖ്യ പി.ആർ ടീമിന് സർക്കാർ നിർദ്ദേശം നൽകി കഴിഞ്ഞു.

പൊതുവാൾ ജോൽസ്യൻ്റെ ഉപദേശമായിരുന്നു ആഗോള അയ്യപ്പ സംഗമം എങ്കിലും അതിൻ്റെ പിന്നിലെ പ്രചരണവും മറ്റൊരു പി.ആർ ടീമിന് ആയിരുന്നു. കെട്ടിഘോഷിച്ച് നടത്തിയ പി.ആർ പ്രവർത്തനം ശ്രദ്ധിക്കപ്പെട്ടെങ്കിലും ആളുകൾ പരിപാടിക്ക് എത്താതതിൻ്റെ ഞെട്ടലിലാണ് പി.ആർ ടീം. ആളുകളെ എത്തിക്കേണ്ട ചുമതല തങ്ങൾക്കല്ല എന്ന് പറഞ്ഞ് ന്യായികരിക്കുകയാണ് പി.ആർ ടീം.

മന്ത്രിമാരുടെ പ്രകടനം മെച്ചപ്പെടുത്തണം എന്ന നിർദ്ദേശം പി.ആർ ടീം നൽകി കഴിഞ്ഞു. ജനങ്ങളുടെ കയ്യിലേക്ക് എന്തൊക്കെ ആനുകൂല്യങ്ങൾ കൊടുക്കാൻ സാധിക്കുമോ അത് ഉടൻ നൽകാനാണ് മറ്റൊരു പി.ആർ ടീമിൻ്റെ ഉപദേശം. പോലിസിൻ്റെ പെരുമാറ്റത്തിന് പോലും ശക്തമായ മാർഗ നിർദ്ദേശങ്ങൾ പി.ആർ ടീം നൽകിയിട്ടുണ്ട്. പോലിസ് ഹെഡ്ക്വാർട്ടേഴ്സിൽ നിന്ന് അതിനനുസരിച്ചുള്ള മാർഗ നിർദ്ദേശങ്ങൾ ഉടൻ പുറത്തിറങ്ങും എന്നാണ് സൂചന.

സർക്കാർ കൊണ്ട് വന്ന ബില്ലുകളെ കുറിച്ച് മലയോര മേഖലയിൽ പ്രചരണം നടത്തണമെന്ന നിർദ്ദേശവും പി.ആർ ടീം സമർപ്പിച്ചിട്ടുണ്ട്. ഓരോ മേഖലക്കും ഓരോ പി.ആർ ടീം ഉണ്ടാകും. അവരുടെ റിപ്പോർട്ടുകളും നിർദ്ദേശങ്ങളും മുഖ്യ പി.ആർ ടീം പരിശോധിച്ച് അതിനനുസരിച്ചുള്ള തന്ത്രങ്ങൾ മെനയും .

1000 കോടി രൂപയാണ് പി.ആർ ടീമുകളുടെ ചെലവ്. കഴിഞ്ഞ തവണ പെൻഷനും കിറ്റും മറ്റ് ആനുകൂല്യങ്ങളും കൃത്യമായി നൽകിയും ബി.ജെ.പി വോട്ടുകൾ സമാഹരിച്ചു ആണ് തുടർഭരണം പിടിച്ചത്. ഇത്തവണ ആ ആത്മവിശ്വാസം സി പി എമ്മിനില്ല. ഭരണത്തിൽ ഹാട്രിക്ക് നേടാൻ പി.ആർ ടീമിനെ ശരണം പ്രാപിച്ചിരിക്കുകയാണ് പിണറായിയും ഗോവിന്ദനും.

Leave a Reply

Your email address will not be published. Required fields are marked *