ചെന്നൈ: തമിഴ് ചലച്ചിത്ര നടനും സംവിധായകനുമായ രവി മോഹൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. ചെന്നൈയിലെ ഇഞ്ചംബക്കത്തുള്ള അദ്ദേഹത്തിന്റെ ആഡംബര ബംഗ്ലാവ് ജപ്തി ഭീഷണിയിൽ. 11 മാസമായി വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്നാണ് ബാങ്കിന്റെ കർശന നടപടി. ബംഗ്ലാവിന്റെ കവാടത്തിൽ ബാങ്ക് അധികൃതർ ജപ്തി നോട്ടീസ് പതിപ്പിച്ചു.
7.60 കോടിയിലധികം രൂപ കുടിശ്ശിക
വായ്പാ തിരിച്ചടവ് സംബന്ധിച്ച് ബാങ്ക് നിരവധി തവണ മുന്നറിയിപ്പ് കത്തുകൾ അയച്ചിരുന്നുവെങ്കിലും നടന്റെ ഭാഗത്തുനിന്ന് പ്രതിവിധി ഉണ്ടായില്ലെന്നാണ് വിവരം. ബംഗ്ലാവ് വാങ്ങിയപ്പോൾ സ്വകാര്യ ബാങ്കിൽ നിന്ന് വലിയ തുക ലോൺ എടുത്തിരുന്നു. എന്നാൽ, പ്രതിമാസ തവണകൾ തുടർച്ചയായി മുടങ്ങി. നിലവിൽ 7.60 കോടിയിലധികം രൂപയാണ് രവി മോഹൻ ബാങ്കിന് അടച്ചുതീർക്കാനുള്ളതെന്നാണ് ജപ്തി നോട്ടീസിൽ വ്യക്തമാക്കുന്നത്. ബാങ്കിന്റെ ഈ നടപടി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
നിർമ്മാണ കമ്പനിയും കേസ് നൽകിയിരുന്നു
ബാങ്കിന്റെ നടപടികൾക്ക് പുറമെ, രവി മോഹനെതിരെ നേരത്തെ ‘ടച്ച് ഗോൾഡ് യൂണിവേഴ്സൽ’ എന്ന നിർമ്മാണ കമ്പനിയും കേസ് നൽകിയിരുന്നു. രണ്ട് സിനിമകളിൽ അഭിനയിക്കുന്നതിനായി ഈ കമ്പനിയിൽ നിന്ന് 6 കോടി രൂപ അഡ്വാൻസ് കൈപ്പറ്റിയിരുന്നു. എന്നാൽ, ഈ സിനിമകളിൽ അഭിനയിക്കാതെ മറ്റ് കമ്പനികളുടെ സിനിമകളിൽ നടൻ പ്രവർത്തിച്ചുവെന്നായിരുന്നു ആരോപണം. അതിനാൽ, രവി മോഹന്റെ ഇ.സി.ആർ. ബംഗ്ലാവ് കണ്ടുകെട്ടണമെന്നും അന്ന് നിർമ്മാണ കമ്പനി ആവശ്യപ്പെട്ടിരുന്നു. ബാങ്കിന്റെ ഇപ്പോഴത്തെ നടപടിയോടെ ബംഗ്ലാവുമായി ബന്ധപ്പെട്ട പ്രശ്നം കൂടുതൽ ഗുരുതരമായിരിക്കുകയാണ്.
അടുത്തിടെ സ്വന്തമായി പ്രൊഡക്ഷൻ കമ്പനി ആരംഭിക്കുകയും ‘ഓർഡിനറി മാൻ’ എന്ന സിനിമ നിർമ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിരുന്നു രവി മോഹൻ. ‘കരതേ ബാബു’, ‘ജീനി’ തുടങ്ങിയ സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. തന്റെ സാമ്പത്തിക പ്രശ്നങ്ങൾ കരിയറിനെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ആരാധകർ.
കുടിശ്ശിക എത്രയും പെട്ടെന്ന് അടച്ചുതീർക്കാൻ കഴിഞ്ഞാൽ ബംഗ്ലാവ് തിരികെ ലഭിക്കും. അല്ലാത്തപക്ഷം, ബാങ്ക് അത് ലേലത്തിന് വെക്കാൻ സാധ്യതയുണ്ട്.
കേരള സര്‍ക്കാറിന്റെ ഈ വർഷത്തെ ഓണം വാരാഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങിലെ മുഖ്യാതിഥിയായി രവി മോഹന്‍ പങ്കെടുത്തിരുന്നു. വേദിയിൽ
മുഖ്യമന്ത്രി പിണറായി വിജയനെ അദ്ദേഹം പുകഴ്ത്തിയത് വലിയ വാർത്ത ആയിരുന്നു. ഒരാള്‍ രണ്ട് തവണ മുഖ്യമന്ത്രിയാകണമെങ്കില്‍ നല്ല രാഷ്ട്രീയക്കാരന്‍ മാത്രമല്ല, നല്ല വ്യക്തി കൂടിയാകണമെന്നായിരുന്നു പുകഴ്ത്തൽ.
