കൊച്ചി: നടൻ ദുൽഖർ സൽമാന്റെ വാഹനങ്ങൾ ഓപ്പറേഷൻ നുംകൂറിന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത നടപടി നിയമവിരുദ്ധമാണെന്ന് ആരോപിച്ച് താരം ഹൈക്കോടതിയിൽ ഹർജി നൽകി. താൻ ഹാജരാക്കിയ രേഖകളൊന്നും പരിശോധിക്കാതെയാണ് കസ്റ്റംസ് വാഹനങ്ങൾ പിടിച്ചെടുത്തതെന്നും, അതിനാൽ ഇവ തിരികെ നൽകണമെന്നുമാണ് ദുൽഖർ ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
നിയമപരമായ മാർഗങ്ങളിലൂടെയാണ് വാഹനങ്ങൾ വാങ്ങിയതെന്ന് ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. കള്ളക്കടത്തുമായി ബന്ധപ്പെട്ടുള്ള ‘ഓപ്പറേഷൻ നുംകൂർ’ എന്ന അന്വേഷണത്തിന്റെ ഭാഗമായാണ് കസ്റ്റംസ് ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വാഹനങ്ങൾ സംശയനിഴലിലാക്കിയത്. തമിഴ്നാട് രജിസ്ട്രേഷനിലുള്ള 2004 മോഡൽ ലാൻഡ് റോവർ ഡിഫൻഡർ ഉൾപ്പെടെയുള്ള വാഹനങ്ങളാണ് കസ്റ്റംസ് കഴിഞ്ഞ ദിവസം പിടിച്ചെടുത്തത്. ഭൂട്ടാനിൽ നിന്നുള്ള വാഹനക്കടത്തുമായി ബന്ധപ്പെട്ടാണ് ഈ നടപടി.
ദുൽഖറിന്റെ രണ്ട് ലാൻഡ് റോവർ വാഹനങ്ങളും രണ്ട് നിസാൻ വാഹനങ്ങളുമാണ് കസ്റ്റംസിന്റെ അന്വേഷണ പരിധിയിലുള്ളത്. കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് ആവശ്യമായ എല്ലാ രേഖകളും കൈമാറിയിരുന്നുവെങ്കിലും, അതൊന്നും പരിശോധിക്കാതെയാണ് വാഹനങ്ങൾ പിടിച്ചെടുത്തതെന്നും ഹർജിയിൽ ദുൽഖർ ചൂണ്ടിക്കാട്ടി.
അതേസമയം, വാഹനങ്ങളുടെ രേഖകൾ സംബന്ധിച്ച് വ്യക്തത വരുത്തുന്നതിനായി ദുൽഖർ സൽമാനെ ചോദ്യം ചെയ്യാൻ കസ്റ്റംസ് തയ്യാറെടുക്കുന്നതായാണ് വിവരം. വാഹനം സംബന്ധിച്ച എല്ലാ രേഖകളും അന്വേഷണ ഏജൻസിക്ക് മുന്നിൽ ഹാജരാക്കാൻ തയ്യാറാണെന്ന് ദുൽഖർ കോടതിയെ അറിയിച്ചിട്ടുണ്ട്.
