മുട്ടിൽ മരം മുറി പ്രതികളായ റിപ്പോർട്ടർ ചാനൽ മുതലാളിമാരെ സംരക്ഷിച്ച് പിണറായി; റിപ്പോർട്ടർ ചാനലിൻ്റെ പിണറായി സ്തുതിക്ക് പിന്നിൽ മരം മുറി കേസ്! 10 കുറ്റപത്രങ്ങൾ സമർപ്പിച്ചിട്ടില്ലെന്ന് പിണറായിയുടെ നിയമസഭ മറുപടി

തിരുവനന്തപുരം: റിപ്പോർട്ടർ ചാനൽ മുതലാളി വരെ സംരക്ഷിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.വയനാട് മുട്ടിൽ മരം മുറി കേസിൻ്റെ കുറ്റപത്രങ്ങൾ കോടതിയിൽ സമർപ്പിക്കാതെ വൈകിപ്പിച്ചാണ് മുഖ്യമന്ത്രി റിപ്പോർട്ടർ മുതലാളിമാരെ സംരക്ഷിക്കുന്നത്. 281/ 21 ക്രൈം നമ്പരായി ചാർജ് ചെയ്ത കേസിലെ ആദ്യ മൂന്ന് പ്രതികളാണ് റോജി അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൽ, ആൻ്റോ അഗസ്റ്റിൻ എന്നിവർ.

ഇതിൽ ആൻ്റോ അഗസ്റ്റിൻ ആണ് റിപ്പോർട്ടർ ചാനലിലൂടെ നിരന്തരം പിണറായി സ്തുതികൾ മുഴക്കുന്നത്. തന്നെ പുകഴ്ത്തുന്നത് ഏറ്റവും ഇഷ്ടമുള്ള ആളാണ് പിണറായി. അപ്പോൾ പിന്നെ ദിവസവും പുകഴ്ത്തുന്ന ആൻ്റോ അഗസ്റ്റിനും കൂട്ടർക്കും പോറൽ ഏൽക്കാതെ സംരക്ഷിക്കേണ്ട ബാധ്യതയും മുഖ്യമന്ത്രിക്കാണ് . അതാണ് ഈ കേസിൽ നടക്കുന്നത്.

അന്വേഷണം പൂർത്തിയാക്കി 2023 ഡിസംബർ 2 ന് ആദ്യ കുറ്റപത്രം സുൽത്താൻ ബത്തേരി കോടതിയിൽ സമർപ്പിച്ചു. 2024 ജനുവരി 29 ന് 30 അനുബന്ധ കുറ്റപത്രങ്ങളും സമർപ്പിച്ചു. ഇനി ഈ കേസിൽ 10 അനുബന്ധ കുറ്റപത്രങ്ങൾ സമർപ്പിക്കാനുണ്ടെന്ന് നിയമസഭയിൽ ഈ മാസം 16 ന് മുഖ്യമന്ത്രി മറുപടി നൽകി. അതായത് 2024 ജനുവരി 29 ന് ശേഷം ഈ കേസ് നിശ്ചലമായി. 2024 ജനുവരിക്ക് ശേഷം 20 മാസം കഴിഞ്ഞിട്ടും അവശേഷിക്കുന്ന 10 കുറ്റപത്രങ്ങൾ കോടതിയിൽ സമർപ്പിക്കാതെ സർക്കാർ വൈകിപ്പിക്കുന്നു എന്ന് വ്യക്തം. ഇത് ആരെ സഹായിക്കാൻ വേണ്ടിയാണെന്ന് റിപ്പോർട്ടർ ചാനലും സർക്കാരും തമ്മിലുള്ള ഇഴയടുപ്പം പരിശോധിച്ചാൽ പകൽ പോലെ വ്യക്തമാകും.

2024 ലോകസഭ തെരഞ്ഞെടുപ്പ് കാലത്ത് സർക്കാരിന് വേണ്ടി പരമാവധി പ്രചരണം നടത്തിയ ചാനലാണ് റിപ്പോർട്ടർ. ജനം റിപ്പോർട്ടർ പറയുന്നത് കേട്ടില്ല. ലോക സഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് എട്ട് നിലയിൽ പൊട്ടി. ലോക സഭ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് ശേഷം സി പി എമ്മിനെ നന്നാക്കാൻ നികേഷ് കുമാർ റിപ്പോർട്ടർ ചാനൽ വിട്ടു. 2024 ജൂണിൽ ആണ് നികേഷ്കുമാർ റിപ്പോർട്ടർ വിട്ടത്. അതിന് ശേഷം കൈരളി ചാനലിനെ നാണം കെടുത്തുന്ന വിധം സർക്കാരിൻ്റെ മുഖ്യ കുഴലൂത്തുകാരായി റിപ്പോർട്ടർ മാറി. പാലക്കാട്, നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ നിരന്തരം കോൺഗ്രസ് വിരുദ്ധ വാർത്തകൾ കൊടുത്ത് രണ്ട് തെരഞ്ഞെടുപ്പിലും ഇടത് സ്ഥാനാർത്ഥികൾ വിജയിക്കുമെന്ന ശക്തമായ പ്രചരണം റിപ്പോർട്ടർ നടത്തി. നേരത്തെ പറഞ്ഞത് പോലെ എല്ലാം തീരുമാനിക്കുന്നത് ജനങ്ങൾ ആണല്ലോ?. റിപ്പോർട്ടർ പറഞ്ഞതു പോലെ ഒന്നും സംഭവിച്ചില്ല. പാലക്കാടും നിലമ്പൂരും കോൺഗ്രസ് റെക്കോഡ് ഭൂരിപക്ഷത്തിൽ വിജയിച്ചു. സർക്കാരിനെ വിജയിപ്പിക്കാൻ സാധിച്ചില്ലെങ്കിലും മുതലാളിയെ പിണറായി സംരക്ഷിച്ചു എന്ന് നിയമസഭ മറുപടിയിൽ നിന്ന് വ്യക്തം. റിപ്പോർട്ടർ വിട്ട് നികേഷ് കുമാർ സി പി എമ്മിൽ ചേർന്നതോടെ മുട്ടിൽ മരം മുറി അന്വേഷണം നിലച്ചു.

മുട്ടിൽ മരം മുറി സംഭവവുമായി ബന്ധപ്പെട്ട് ഇടക്കാല അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെങ്കിലും കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കാൻ നിർവാഹമില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്.

1964 ന് ശേഷം പട്ടയം ലഭിച്ച ഭൂമിയിൽ സ്വയം കിളിര്‍ത്തതോ കർഷകർ നട്ടുവളര്‍ത്തിയതോ ആയ മരങ്ങൾ മുറിക്കാമെന്ന, 2020ൽ സർക്കാർ പുറത്തിറക്കിയ ഉത്തരവിന്റെ മറവിൽ പ്രതികൾ കോടികൾ വിലമതിക്കുന്ന മരം മുറിച്ചു കടത്തിയെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. 500 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള സംരക്ഷിത മരങ്ങള്‍ അടക്കമാണ് മുറിച്ച് മാറ്റിയതെന്ന് ഡി.എന്‍.എ പരിശോധനയിൽ തെളിഞ്ഞിരുന്നു.

കൂടാതെ, ഭൂവുടമകളുടെ പേരിൽ പ്രതികൾ വില്ലേജ് ഓഫിസിൽ സമർപ്പിച്ച അപേക്ഷകൾ വ്യാജമായി നിർമിച്ചതാണെന്ന് തിരുവനന്തപുരത്ത് നടത്തിയ ഫോറൻസിക് പരിശോധനയിലും വ്യക്തമായി. പൊലീസിനും റവന്യു വകുപ്പിനുമൊപ്പം കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും പ്രതികൾക്കെതിരെ അന്വേഷണം നടത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *