ലൈംഗികാരോപണത്തിൽ മൗനം, ശബരിമലയിൽ ബൈറ്റ്: രാഹുൽ മാങ്കൂട്ടത്തിലിന് മൈക്ക് വെച്ച മാധ്യമധാർമികത ചോദ്യം ചെയ്യപ്പെടുന്നു!

rahul mamkoottathil

കോഴിക്കോട്: മാധ്യമ ധാർമികതയുടെ അതിർവരമ്പുകൾ ലംഘിച്ച് മാധ്യമപ്രവർത്തകർ അധഃപതിക്കുന്നതിൻ്റെ പുതിയ ഉദാഹരണമാണ് ശബരിമല വിഷയവുമായി ബന്ധപ്പെട്ട് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ പ്രതികരണത്തിനായി മൈക്ക് വെച്ചതിലൂടെ പുറത്തുവരുന്നത്. ലൈംഗികാരോപണക്കേസിൽ പാർട്ടി നടപടിക്ക് വിധേയമായി യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്നും കോൺഗ്രസ് പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ട് നിൽക്കുന്ന ഒരു നേതാവിന്, മറ്റൊരു വിഷയത്തിൽ പ്രതികരണം തേടി മാധ്യമങ്ങൾ നൽകുന്ന സന്ദേശം എന്താണ്? അവർ മുന്നോട്ട് വെക്കുന്ന മാധ്യമ ധാർമികതയുടെ നിലവാരം എവിടെ എത്തിനിൽക്കുന്നു?

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മാധ്യമങ്ങൾ തന്നെ റിപ്പോർട്ട് ചെയ്ത വാർത്തകളുമായി ബന്ധപ്പെട്ട് യാതൊരുവിധത്തിലുള്ള പ്രതികരണവും ഇതുവരെ അദ്ദേഹം നടത്താൻ തയ്യാറായിട്ടില്ല. തനിക്കെതിരെ വന്ന ലൈംഗികാരോപണക്കേസിൽ പൊതുസമൂഹത്തിനു മുൻപിൽ ഒരു വിശദീകരണവും നൽകാൻ അദ്ദേഹം കൂട്ടാക്കിയില്ല. ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ പ്രതികരണം തേടിയപ്പോൾ വീടിനകത്ത് കയറി വാതിൽ അടച്ച് നിശബ്ദത പാലിക്കുകയാണ് അദ്ദേഹം ചെയ്തത്.

എന്നാൽ, ഇന്നിപ്പോൾ ആ വിഷയം സാമൂഹിക അന്തരീക്ഷത്തിൽ നിന്നും താൽക്കാലികമായി അകന്നുനിൽക്കുകയും, ശബരിമല പോലുള്ള മറ്റൊരു വിഷയം ചർച്ചയ്ക്ക് വരികയും ചെയ്തപ്പോൾ, രാഹുലിനു മുൻപിൽ പ്രതികരണത്തിനായി മാധ്യമങ്ങൾ മൈക്ക് നീട്ടുമ്പോൾ, അവർ പൊതുസമൂഹത്തോട് പറയാൻ ആഗ്രഹിക്കുന്നത് എന്താണെന്ന ചോദ്യം പ്രസക്തമാവുകയാണ്.

ഒരു കുറ്റാരോപിതനും, തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെക്കുറിച്ച് വിശദീകരിക്കാൻ തയ്യാറാകാത്ത വ്യക്തിക്കും മുൻപിൽ ബൈറ്റിനുവേണ്ടി ദാഹിച്ചു നിൽക്കുന്ന മാധ്യമ പാപ്പരാസികൾ ആയി നിങ്ങൾ അധഃപതിക്കുകയാണോ? കുറഞ്ഞപക്ഷം, മാധ്യമങ്ങൾ പുറത്തുവിട്ട തെളിവുകളോട് രാഷ്ട്രീയമായെങ്കിലും രാഹുൽ പ്രതികരിച്ച ശേഷം നിങ്ങൾക്ക് മൈക്കുമായി അദ്ദേഹത്തിൻ്റെ പുറകെ ഓടാമായിരുന്നല്ലോ?

പൊതുസമൂഹത്തിനു മുൻപിൽ ആരോപണങ്ങൾ കൊണ്ട് നഗ്നനാക്കപ്പെട്ട രാഹുൽ, ധാർമ്മിക പ്രസംഗത്തിന് ഇറങ്ങും മുമ്പ് തനിക്കെതിരെ വന്ന ആരോപണങ്ങളിൽ മറുപടി പറഞ്ഞ് സ്വയം ശുദ്ധീകരിക്കേണ്ട ആവശ്യകതയില്ലേ?

ഇവിടെ അവസരവാദത്തിൻ്റെ മേലങ്കി മാത്രമാണ് മാധ്യമ ലോകം എടുത്ത് അണിയുന്നത്. ഒരേ സമയം നീതിക്കും കുറ്റകൃത്യത്തിനും വേണ്ടി കുശിനിപ്പണി ചെയ്യുന്ന നിലപാടാണ് പല മാധ്യമ പ്രവർത്തകരും സ്വീകരിക്കുന്നത്. സ്വയം വ്യക്തിത്വം ഇല്ലാത്തവരായി അധഃപതിക്കുന്ന ഈ മാധ്യമ പ്രവർത്തനം, വരും തലമുറയുടെ മാധ്യമ കാഴ്ചപ്പാടിന് തന്നെ ഭീഷണിയാവുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *