കോഴിക്കോട് : പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രജിസ്റ്റർ ചെയ്ത പീഡനക്കേസിൽ നിർണായക വഴിത്തിരിവ്. രാഹുൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. ഇതോടെ, ദിവസങ്ങളായി ഒളിവിൽ കഴിയുന്ന എംഎൽഎയുടെ അറസ്റ്റ് ഏത് നിമിഷവും ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ജാമ്യം നിഷേധിച്ചതിന് തൊട്ടുപിന്നാലെ കോൺഗ്രസ് നേതൃത്വവും രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ശക്തമായ നടപടി സ്വീകരിച്ചു. നിലവിൽ സസ്‌പെൻഷനിലായിരുന്ന രാഹുലിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു. രാഹുലിനെതിരെ വന്ന പരാതികളുടെയും രജിസ്റ്റർ ചെയ്യപ്പെട്ട കേസുകളുടെയും അടിസ്ഥാനത്തിലാണ് നടപടിയെന്ന് അദ്ദേഹം വ്യക്തമാക്കി.
പീഡനക്കേസ് രജിസ്റ്റർ ചെയ്തതുമുതൽ പോലീസ് തിരച്ചിൽ ശക്തമാക്കിയിരുന്നെങ്കിലും രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ തുടരുകയായിരുന്നു. മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ എത്രയും പെട്ടെന്ന് എംഎൽഎയെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം.
