സിക്‌സർ മഴ പെയ്യിക്കാൻ കഴിവ് ദൈവാനുഗ്രഹം: അഭിഷേക് ശർമ്മയുടെ ഉദയത്തിന് യുവരാജ് സിംഗിന് നന്ദി പറഞ്ഞ് പിതാവ്

ന്യൂഡൽഹി: ഏഷ്യാ കപ്പിൽ പാകിസ്ഥാനെതിരായ തകർപ്പൻ പ്രകടനത്തിലൂടെ ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ മനംകവർന്ന യുവതാരം അഭിഷേക് ശർമ്മയുടെ വിജയത്തിന് പിന്നിലെ നിർണായക ഘടകം വെളിപ്പെടുത്തി പിതാവ് രാജ് കുമാർ ശർമ്മ. മകന്റെ കരിയറിലെ വളർച്ചയിൽ മുൻ ഇന്ത്യൻ ഇതിഹാസ താരം യുവരാജ് സിംഗ് വഹിച്ച പങ്ക് വളരെ വലുതാണെന്ന് അദ്ദേഹം പറഞ്ഞു. സിക്സറുകൾ അനായാസം പറത്താനുള്ള അഭിഷേകിന്റെ കഴിവ് ദൈവാനുഗ്രഹമാണെന്നും രാജ് കുമാർ ശർമ്മ കൂട്ടിച്ചേർത്തു.

​പാകിസ്ഥാനെതിരെ 39 പന്തിൽ നിന്ന് 74 റൺസെടുത്ത അഭിഷേകിന്റെ വെടിക്കെട്ട് ഇന്നിങ്സ് ഏറെ ശ്രദ്ധ നേടിയിരുന്നു. ഈ പ്രകടനത്തിന് പിന്നാലെയാണ് രാജ് കുമാർ ശർമ്മ യുവരാജിനുള്ള നന്ദി അറിയിച്ചത്. “യുവരാജ് പാജിക്ക് അഭിഷേകിന്റെ കളി മെച്ചപ്പെടുത്തുന്നതിൽ വലിയ പങ്കുണ്ട്. യുവിയാണ് അവന്റെ ഗുരു. എപ്പോഴും തന്റെ അനുഭവങ്ങൾ അവൻ്റെ കൂടെ പങ്കുവെക്കും,” അദ്ദേഹം പറഞ്ഞു.

​കളിയുടെ സാഹചര്യം അനുസരിച്ച് ബാറ്റ് ചെയ്യാനുള്ള ഉപദേശമാണ് യുവരാജ് സിംഗ് എപ്പോഴും അഭിഷേകിന് നൽകിയിരുന്നതെന്നും രാജ് കുമാർ ശർമ്മ വെളിപ്പെടുത്തി. “യുവരാജിന്റെ പ്രധാന ഗുരു മന്ത്രം കളിയുടെ സാഹചര്യം അനുസരിച്ച് കളിക്കുക എന്നതാണ്. സ്വന്തം വ്യക്തിപരമായ നേട്ടങ്ങൾക്കുവേണ്ടിയല്ല, മറിച്ച് ടീമിനുവേണ്ടി കളിക്കാനും ഇന്ത്യക്ക് വേണ്ടി മത്സരങ്ങൾ വിജയിപ്പിക്കാനുമാണ് യുവരാജ് അവനോട് എപ്പോഴും ആവശ്യപ്പെട്ടിട്ടുള്ളത്,” അദ്ദേഹം കൂട്ടിച്ചേർത്തു.

​ആക്രമണോത്സുകമായ ബാറ്റിംഗിനൊപ്പം, ഇന്നിങ്സ് കെട്ടിപ്പടുക്കാനുള്ള കഴിവും യുവരാജിന്റെ ശിക്ഷണത്തിലൂടെയാണ് അഭിഷേക് നേടിയെടുത്തത്. സിക്സറുകൾ അടിക്കാനുള്ള അഭിഷേകിന്റെ സ്വാഭാവികമായ കഴിവ് യുവരാജ് ഒരിക്കലും ഇല്ലാതാക്കാൻ ശ്രമിച്ചില്ല, പകരം അത് കൂടുതൽ മിനുക്കിയെടുക്കുകയാണ് ചെയ്തതെന്നും പിതാവ് പറഞ്ഞു. “സ്വന്തം ഹീറ്റിംഗ് സോണുകളെ പിന്തുണയ്ക്കുക, കൃത്രിമ ഷോട്ടുകൾ കളിക്കാതിരിക്കുക” എന്നതായിരുന്നു യുവിയുടെ പ്രധാന ഉപദേശം.

​യുവരാജിന്റെ മാർഗനിർദേശങ്ങൾ അഭിഷേകിന്റെ കരിയറിന് ശരിയായ ദിശാബോധം നൽകി. 2018-ൽ പൃഥ്വി ഷാ നായകനായിരുന്ന അണ്ടർ-19 ലോകകപ്പ് ടീമിൽ അഭിഷേക് അംഗമായിരുന്നു. ആ സമയത്തും യുവരാജിന്റെ നിർദേശങ്ങൾ അവനെ ഒരു മികച്ച കളിക്കാരനാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *