കേരളം രക്ഷപ്പെടണമെങ്കിൽ എല്ലാവരും മദ്യം കഴിക്കണമോ?. മദ്യനയത്തിൽ കാതലായ മാറ്റങ്ങൾ വേണമെന്ന് ആവശ്യപ്പെടുന്നത് മുൻ ചീഫ് സെക്രട്ടറി ഡോ. വി. വേണുവാണ്. വേണുവിൻ്റെ ലേഖനം വായിച്ചാൽ എല്ലാവരും അടിച്ച് പൂസായാൽ മാത്രമേ കേരളത്തിന് സാമ്പത്തിക ഭാവി ഉള്ളു എന്ന തരത്തിൽ ആണ്. എത്രയെത്ര കാതലായ മാർഗങ്ങൾ മാറിയ സാഹചര്യത്തിൽ കേരളത്തിന് മുന്നിൽ വയ്ക്കാനുണ്ടെങ്കിലും വേണു ഇപ്പോഴും ശങ്കരൻ തെങ്ങിൽ തന്നെ എന്ന അവസ്ഥയിലാണ്.
സ്ത്രീകൾക്കും കുട്ടികൾക്കും മദ്യം കിട്ടാൻ എളുപ്പമാക്കാൻ ഒഡീഷ, പശ്ചിമബംഗാൾ മാതൃകയിൽ വീര്യം കുറഞ്ഞ മദ്യത്തിന്റെ ഹോം ഡെലിവറി കേരളത്തിലും നടപ്പാക്കണമെന്നും അത് വഴി ഇവർക്ക് മദ്യം കിട്ടാൻ എളുപ്പമാണെന്നുമാണ് മുൻ ചീഫ് സെക്രട്ടറിയുടെ നിർദ്ദേശം.തിരഞ്ഞെടുത്ത സൂപ്പർ മാർക്കറ്റുകളിൽ മദ്യം വിൽക്കണം ,സ്വകാര്യ മേഖലയിൽ പബ്ബുകൾക്ക് അനുമതി നൽകണം,ടൂറിസം കേന്ദ്രങ്ങളിൽ ബാർ ലൈസൻസ് ഉള്ള ഹോട്ടലുകളിൽ ഗാർഡനിലും , ലോണിലും , പൂൾസൈഡിലും മദ്യം വിളമ്പാൻ അനുമതി നൽകണമെന്നും വേണു നിർദ്ദേശിക്കുന്നു.
ഡ്രൈഡേ നിർത്തലാക്കണമെന്നും ഡ്രൈഡേ അടിച്ചേൽപിച്ച് സംസ്ഥാനം വരുമാനം നഷ്ടപ്പെടുത്തുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.എല്ലാ വർഷവും മാറാതെ അഞ്ചു വർഷത്തിലൊരിക്കൽ മദ്യനയം രൂപീകരിക്കുന്നത് നിക്ഷേപകർക്ക് ആത്മവിശ്വാസം നൽകുമെന്നും ഡോ. വി. വേണു അഭിപ്രായപ്പെട്ടു.
കേരളത്തിന്റെ സാമ്പത്തിക-ഭരണ തലങ്ങളിൽ സമൂലമായ മാറ്റങ്ങൾ അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി മുൻനിര സിവിൽ സർവീസ് ഉദ്യോഗസ്ഥർ മദ്യത്തിന്റെ ഹോം ഡെലിവറി , ഡ്രൈഡേ നിർത്തലാക്കൽ , ടൂറിസം കേന്ദ്രങ്ങളിലെ ബാറുകളുടെ പ്രവർത്തന സമയം നീട്ടൽ തുടങ്ങി നിരവധി നിർദ്ദേശങ്ങളാണ് ‘ബിയോണ്ട് സിനിസിസം: കേരള 2.0’ എന്ന പുസ്തകത്തിലൂടെ മുന്നോട്ട് വെക്കുന്നത്. പി.എച്ച്. കുര്യനും ടി. ബാലകൃഷ്ണനും ചേർന്ന് എഡിറ്റ് ചെയ്ത് പുറത്തിറക്കിയ ഈ പുസ്തകത്തിൽ ശശി തരൂർ എംപി ആണ് ആമുഖം എഴുതിയത്. വിരമിച്ചവരും അല്ലാത്തവരുമായ 16 പേർ തങ്ങളുടെ വീക്ഷണങ്ങൾ ഇതിൽ അവതരിപ്പിക്കുന്നുണ്ട്. ഇതിൽ ആണ്
മദ്യനയത്തിലെ മാറ്റങ്ങൾ നിർദ്ദേശിച്ചുള്ള വേണുവിൻ്റെ ലേഖനം.
