അതിജീവനം, വിമാനാപകടത്തില്‍ നിന്ന് ഒരാള്‍ രക്ഷപ്പെട്ടു

അഹമ്മദാബാദ് വിമാന അപകടത്തില്‍ നിന്നും ഒരാള്‍ രക്ഷപ്പെട്ടതായി റിപ്പോര്‍ട്ട്. രമേഷ് വിശ്വാസ് കുമാര്‍ എന്ന നാല്‍പ്പതുകാരനാണ് അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്. 11 എ സീറ്റില്‍ യാത്ര ചെയ്തിരുന്ന രമേഷ് വിശ്വാസ് കുമാര്‍ എമര്‍ജന്‍സി എക്‌സിറ്റ് വഴി പുറത്തേക്ക് തെറിച്ചുവീണതായിരിക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്രിട്ടീഷ് – ഇന്ത്യന്‍ വംശജനായ ഇയാള്‍ ചികിത്സയില്‍ തുടരുകയാണ്.

വിമാനത്തിലുണ്ടായിരുന്ന ജീവനക്കാരുള്‍പ്പെടെയുള്ള മറ്റ് 241 പേരും മരിച്ചതായി നേരത്തെ അഹമ്മദാബാദ് പൊലീസിനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിന്നാലെയാണ് ഒരാള്‍ രക്ഷപ്പെട്ടതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്. മരിച്ചവരില്‍ രണ്ട് മലയാളികളും ഉള്‍പ്പെടുന്നു. മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളുടെ ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളിലാണ് കെട്ടിടം തകര്‍ന്നുവീണത്. ഹോസ്റ്റലില്‍ ഉണ്ടായിരുന്ന അഞ്ച് ജൂനിയര്‍ ഡോക്ടര്‍മാരും മരിച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍ ഭക്ഷണം കഴിക്കുന്നതിനിടെയാണ് വിമാനം തകര്‍ന്നുവീണത്.

സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് 242 പേരുമായി ലണ്ടനിലേക്കു പോകുകയായിരുന്ന എഐ171 ബോയിങ് 787 8 ഡ്രീംലൈനര്‍ വിമാനമാണ് ടേക് ഓഫിനു തൊട്ടു പിന്നാലെ വിമാനത്താവളത്തിനു സമീപത്തെ ജനവാസ മേഖലയില്‍ തകര്‍ന്നുവീണത്. ഉച്ചയ്ക്ക് 1.43 നായിരുന്നു അപകടം.

രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വിമാന ദുരന്തമാണ് അഹമ്മദാബാദില്‍ ഉണ്ടായത്. 1998 നവംബര്‍ 12 ന് ഹരിയാണയിലുണ്ടായ സൗദി എയര്‍വേയ്‌സിന്റെ 747 ബോയിങ് വിമാനവും കസാഖ് എയര്‍ബേയ്‌സിന്റെ ടു യു-154 വിമാനവും കൂട്ടിയിടിച്ച് മലയാളികള്‍ ഉള്‍പ്പെടെ 351 പേരാണ് മരിച്ചതാണ് രാജ്യത്തെ ഏറ്റവും വലിയ വിമാന ദുരന്തം.

Leave a Reply

Your email address will not be published. Required fields are marked *