\’സിപിഎം വിലക്ക്\’: വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് പി കെ ശ്രീമതി

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ വിലക്ക് ഏര്‍പ്പെടുത്തിയെന്ന വാര്‍ത്ത നിഷേധിച്ച് മുതിര്‍ന്ന നേതാവ് പി കെ ശ്രീമതി. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് പി കെ ശ്രീമതി വിലക്ക് വാര്‍ത്ത നിഷേധിച്ചത്. വാര്‍ത്ത തികച്ചും അടിസ്ഥാന രഹിതമാണെന്നും, പിന്‍വലിക്കണമെന്നും പി കെ ശ്രീമതി കുറിപ്പില്‍ വ്യക്തമാക്കി.

ഈ മാസം 19 ന് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുക്കാനെത്തിയ പി കെ ശ്രീമതിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിലക്കിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പ്രായപരിധി ഇളവ് ബാധകം കേന്ദ്ര കമ്മിറ്റിയില്‍ മാത്രമാണ്. അതിനാല്‍ കേന്ദ്രകമ്മിറ്റി അംഗം എന്ന നിലയില്‍ കേരളത്തിലെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുക്കാനാവില്ല എന്നും പറഞ്ഞെന്നായിരുന്നു റിപ്പോര്‍ട്ട്.

പാര്‍ട്ടി ജനറല്‍ സെക്രട്ടറി എംഎ ബേബി, സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ എന്നിവരുമായി സംസാരിച്ചപ്പോള്‍ ഇത്തരമൊരു വിലക്ക് പറഞ്ഞില്ലല്ലോ എന്ന് പികെ ശ്രീമതി ചോദിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. വെള്ളിയാഴ്ച (25 ന് ) നടന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ശ്രീമതി പങ്കെടുത്തില്ല. മധുര പാര്‍ട്ടി കോണ്‍ഗ്രസാണ് കേന്ദ്രക്കമ്മിറ്റി അംഗങ്ങളായ ശ്രീമതിക്കും, മുഹമ്മദ് യൂസഫ് തരിഗാമിക്കും പ്രായപരിധിയില്‍ ഇളവ് അനുവദിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *