ദുൽഖർ സൽമാന് കസ്റ്റംസ് സമൻസ്; ആഡംബര കാറുകൾ പിടിച്ചെടുത്തു, ടാക്സ് വെട്ടിപ്പ് ആരോപണം

കൊച്ചി: നികുതി വെട്ടിച്ച് വിദേശത്തുനിന്നും ആഡംബര വാഹനങ്ങൾ കടത്തിയ കേസിൽ മലയാളത്തിന്റെ യുവതാരം ദുൽഖർ സൽമാന് കസ്റ്റംസ് സമൻസ് അയച്ചു. ‘ഓപ്പറേഷൻ നുംഖോർ’ എന്ന പേരിൽ നടന്ന വ്യാപക റെയ്ഡിലാണ് കൊച്ചിയിലെ നടന്റെ വീട്ടിൽ നിന്ന് രണ്ട് ആഡംബര കാറുകൾ കസ്റ്റംസ് പിടിച്ചെടുത്തത്. ഭൂട്ടാൻ സൈന്യം ഉപേക്ഷിച്ച വാഹനങ്ങൾ നികുതി വെട്ടിച്ച് ഇന്ത്യയിലേക്ക് കടത്തി വ്യാജരേഖകൾ ഉപയോഗിച്ച് രജിസ്റ്റർ ചെയ്തു വിറ്റ സംഘത്തെ ലക്ഷ്യമിട്ടാണ് കസ്റ്റംസ് റെയ്ഡ് നടത്തിയത്.

​നടൻ ദുൽഖർ സൽമാന്റെ പനമ്പിള്ളി നഗറിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ ലാൻഡ് റോവർ ഡിഫൻഡർ, ടൊയോട്ട ലാൻഡ് ക്രൂയിസർ എന്നീ കാറുകളാണ് കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. ഈ വാഹനങ്ങളുടെ രേഖകൾ ഹാജരാക്കി ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ചുകൊണ്ടാണ് ദുൽഖറിന് നോട്ടീസ് നൽകിയിരിക്കുന്നത്. നാല് വാഹനങ്ങളെക്കുറിച്ചാണ് നിലവിൽ അന്വേഷണം നടക്കുന്നത്. പിടിച്ചെടുത്ത കാറുകളിൽ ഒന്നിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റിൽ ക്രമക്കേടുകൾ ഉണ്ടെന്നും, മറ്റൊരു വ്യക്തിയുടെ പേരിലാണ് വാഹനത്തിന്റെ രജിസ്ട്രേഷൻ എന്നും കസ്റ്റംസ് കണ്ടെത്തിയതായാണ് റിപ്പോർട്ടുകൾ.

​ഇതേ കേസിൽ നടൻ പൃഥ്വിരാജിന്റെ വീട്ടിലും കസ്റ്റംസ് പരിശോധന നടത്തിയെങ്കിലും വാഹനങ്ങളൊന്നും പിടിച്ചെടുത്തിട്ടില്ല. അതേസമയം, മറ്റൊരു നടനായ അമിത് ചക്കാലക്കലിന്റെ വീട്ടിൽ നിന്ന് എട്ട് കാറുകൾ പിടിച്ചെടുത്തു. എന്നാൽ പിടിച്ചെടുത്തതിൽ ഒരു കാർ മാത്രമാണ് തൻ്റേതെന്നും, ബാക്കിയുള്ളവ അറ്റകുറ്റപ്പണികൾക്കായി കൊണ്ടുവന്നതാണെന്നും അമിത് ചക്കാലക്കൽ പ്രതികരിച്ചു. അന്വേഷണവുമായി താരം സഹകരിക്കുന്നില്ലെന്ന് കസ്റ്റംസ് ആരോപിക്കുന്നുണ്ട്.

​സംസ്ഥാനത്തൊട്ടാകെ 30-ഓളം കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ 36 ആഡംബര കാറുകളാണ് കസ്റ്റംസ് പിടിച്ചെടുത്തത്. നികുതി വെട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളാണ് കസ്റ്റംസ് അന്വേഷിക്കുന്നത്. വാഹനങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് 200% വരെ നികുതി നൽകേണ്ടതുണ്ട്. ഇത് ഒഴിവാക്കാനാണ് ഇത്തരത്തിലുള്ള കള്ളക്കടത്ത് നടത്തുന്നതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *