കോട്ടയം: സമുദായ നേതാക്കൾ ആഹ്വാനം ചെയ്താൽ ജനം വോട്ട് ചെയ്യുമോ? ഒരു ഫ്ലാഷ് ബാക്ക്.” ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നു. സാമൂഹിക നീതിയും മതേതരത്വവും സംരക്ഷിക്കുന്ന സർക്കാരുണ്ടാകണം” – 2021 ലെ നിയമസഭ തെരഞ്ഞെടുപ്പ് ദിവസം രാവിലെ ചങ്ങനാശേരി സെൻ്റ് തെരേസാസ് സ്ക്കൂളിൽ വോട്ട് ചെയ്തിറങ്ങിയ സുകുമാരൻ നായർ ആഹ്വാനം ചെയ്തു. സുകുമാരൻ നായരുടെ ആഹ്വാനം ചാനലുകളിൽ ബിംഗ് ബ്രേക്കിംഗ് ആയി. ഉച്ചക്ക് ശേഷം വോട്ട് ചെയ്യാം എന്ന് വിചാരിച്ചവരും സുകുമാരൻ നായരുടെ ആഹ്വാനം കേട്ട് വോട്ട് ചെയ്യാൻ ഒഴുകി. വോട്ട് ചെയ്തത് സുകുമാരൻ നായർ ആഹ്വാനം ചെയ്തവർക്കല്ല എന്ന് മാത്രം. സുകുമാരൻ നായരുടെ ആഹ്വാനത്തിൻ്റെ ബലത്തിൽ ഇടതുമുന്നണി തുടർഭരണം പിടിച്ചു. 99 സീറ്റിൽ ജയിച്ച് പിണറായി വീണ്ടും മുഖ്യമന്ത്രിയായി. മുഖ്യമന്ത്രി കസേര സ്വപ്നം കണ്ടിരുന്ന ചെന്നിത്തലക്ക് സുകുമാരൻ നായരുടെ ആഹ്വാനത്താൽ ഒന്നാം നമ്പർ കസേരയും നഷ്ടപ്പെട്ടു.
തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ സമുദായ നേതാക്കൾ തിട്ടൂരം ആയിട്ട് ഇറങ്ങുമെങ്കിലും ജനങ്ങൾ അതൊന്നും മൈൻഡ് ചെയ്യില്ല. മതേതര കേരളത്തിൽ ജാതി കോമരങ്ങൾക്ക് യാതൊരു പ്രസക്തിയുമില്ലെന്ന് കേരളം എല്ലാകാലത്തും തെളിയിച്ചിട്ടുണ്ട്. ശബരിമല വിഷയത്തിൽ സർക്കാരിന് ഒപ്പമാണെന്ന് വെളിപാടുമായി സുകുമാരൻ നായർ വീണ്ടും രംഗത്തിറങ്ങിയിരിക്കുകയാണ്. ഇതോടെ സുകുമാരൻ നായർ എൽ.ഡിഎഫിനൊപ്പം എന്ന പ്രചരണവുമായി ഇടതു അനുകൂലികൾ രംഗത്തിറങ്ങി. തൊട്ട് പിന്നാലെ പിണറായിയുടെ സോഷ്യൽ എഞ്ചിനിയറിംഗ് വിജയിക്കുന്നു എന്ന പ്രഖ്യാപനവുമായി ചാനൽ കുമാരൻമാരും. വീണ്ടും പിണറായി മുഖ്യമന്ത്രി എന്ന് ഒരു പടി കൂടി കടന്ന് ഒരു ചാനൽ അവതാരികയുടെ പ്രഖ്യാപനവും.
ശബരിമല സന്നിധാനത്തെ എൻ. എസ്. എസ് ആശുപത്രി ഏറ്റെടുക്കാനുള്ള നീക്കം ദേവസ്വത്തിൻ്റെയും സർക്കാരിൻ്റെയും ഭാഗത്ത് നിന്നുണ്ടായി എന്നും അതിന് തടയിടാനാണ് പിണറായി സ്നേഹവുമായി സുകുമാരൻ നായർ എത്തിയതെന്നും ഉള്ള കരകമ്പിയും അന്തരീക്ഷത്തിൽ നിറയുന്നു. കഴിഞ്ഞ വർഷം സന്നിധാനത്തെ മറ്റൊരു ആശുപത്രി ദേവസ്വം ഏറ്റെടുത്തിരുന്നു . വെള്ളാപ്പള്ളിക്കൊപ്പം സുകുമാരൻ നായരും എത്തിയതോടെ പിണറായി വീണ്ടും മുഖ്യമന്ത്രിയാകുമെന്ന ആത്മവിശ്വാസത്തിലാണ് ക്ലിഫ് ഹൗസ് കുടുംബം.
2021 ന് ശേഷം തുടർച്ചയായി തെരഞ്ഞെടുപ്പിൽ പിണറായിയും സംഘവും തോറ്റത് ജനങ്ങളെ ഉപദ്രവിച്ചതുകൊണ്ടാണ്. നികുതി വർദ്ധിപ്പിച്ചും കറൻ്റ് ചാർജ് 6 തവണ വർദ്ധിപ്പിച്ചും പോലിസ് അതിക്രമവും ഉൾപ്പെടെ ജനദ്രോഹ നടപടികൾ കൊണ്ട് ജനങ്ങൾ സർക്കാരിൽ നിന്നകന്നു. തെരുവ് നായകൾ കുട്ടികളെ ഓടിച്ചിട്ട് കടിച്ചിട്ടും ഒന്നും ചെയ്യാതെ വായ് നോക്കി സർക്കാർ ഇരുന്നു. മലയോര മേഖലയിലെ ജനങ്ങൾ വീടിന് പുറത്തിറങ്ങിയാൽ വന്യമൃഗങ്ങൾ കൊന്നൊടുക്കും. എത്രയെത്ര ദാരുണ സംഭവങ്ങൾ 2021 ന് ശേഷം ഉണ്ടായി. സംസ്ഥാനത്തിൻ്റെ ചരിത്രത്തിൽ ആദ്യമായി പൂരം കലക്കൽ ഉണ്ടായി. ജനങ്ങളെ സംരക്ഷിക്കേണ്ട സർക്കാർ, ജനങ്ങൾക്ക് കാവലാൾ ആകേണ്ട സർക്കാർ നിഷ്ക്രിയമായി. ഇങ്ങനെ നിരവധി കാരണങ്ങൾ കൊണ്ട് ജനങ്ങൾ സർക്കാരിൽ നിന്നകന്നു. ജനങ്ങളെ തങ്ങളിലേക്ക് അടുപ്പിക്കുന്നതിന് പകരം പൗരപ്രമുഖരായ വെള്ളാപ്പള്ളിയും സുകുമാരൻ നായരും എത്തിയതോടെ താൻ വീണ്ടും മുഖ്യമന്ത്രിയാകും എന്ന ദിവാ സ്വപ്നത്തിലായി പിണറായി. 2021 ൽ ചെന്നിത്തലയുടെ മുഖ്യമന്ത്രി കസേര തെറിപ്പിച്ച സുകുമാരൻ നായർ ഇപ്പോൾ പിണറായിക്ക് ഒപ്പം എത്തിയതോടെ പിണറായിയുടെ അവസ്ഥ എന്താകുമെന്ന് കണ്ടറിയണം.
