മാത്യു കുഴല്‍നാടന്‍ എംഎല്‍എക്കെതിരെ ഇഡി അന്വേഷണം

ചിന്നക്കനാലില്‍ റിസോര്‍ട്ട് നിര്‍മാണത്തിനായി സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന കേസില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എക്കെതിരെ ഇഡി അന്വേഷണം. സര്‍ക്കാര്‍ ഭൂമി അനധികൃതമായി കൈവശം വച്ചതിന് റവന്യു വകുപ്പ് മാത്യു കുഴല്‍നാടനും സുഹൃത്തുക്കള്‍ക്കുമെതിരെ ഭൂസംരക്ഷണ നിയമ പ്രകാരം കേസെടുത്തിരുന്നു. വിജിലന്‍സ് അന്വേഷണത്തിനു പുറമെയാണ് ഇഡി അന്വേഷണം ആരംഭിച്ചത്.

ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട ഇടപാടില്‍ മാത്യു കുഴല്‍നാടന്‍ കള്ളപ്പണം ഉപയോഗിച്ചിട്ടുണ്ടോ എന്നാണ് പ്രധാനമായും ഇഡി അന്വേഷിക്കുക. കേസുമായി ബന്ധപ്പെട്ട രേഖകള്‍ വിജിലന്‍സില്‍നിന്ന് ഇഡി ശേഖരിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിനു ഹാജരാകാനുള്ള നോട്ടിസ് ഉടന്‍ മാത്യു കുഴല്‍നാടന് കൈമാറും. അതേസമയം, ഏത് അന്വേഷണത്തിനും തയാറാണെന്നും ഇ.ഡി അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

2012ലാണ് ചിന്നക്കനാലില്‍ ഒരേക്കറോളം സ്ഥലം വാങ്ങി അടുത്തുള്ള 50 സെന്റ് സര്‍ക്കാര്‍ ഭൂമി കൂടി കൂട്ടിച്ചേര്‍ത്തത്. പിന്നീടാണ് ഈ ഭൂമി മാത്യു കുഴല്‍നാടന്‍ അടക്കമുള്ള സംഘം വാങ്ങിയത്. ചിന്നക്കനാലിലെ ഭൂമി ഇടപാട് കേസില്‍ മാത്യു കുഴല്‍നാടനെതിരെ നേരത്തെ ഇടുക്കി വിജിലന്‍സ് യൂണിറ്റ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കേസിലെ 16-ാം പ്രതിയാണ് മാത്യു കുഴല്‍നാടന്‍. കേസില്‍ ആകെ 21 പ്രതികളാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *