ആലപ്പുഴയില്‍ വന്‍ ലഹരി വേട്ട; രണ്ട് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവതി പിടിയില്‍

ആലപ്പുഴയില്‍ വന്‍ ലഹരി വേട്ട. രണ്ട് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് യുവതിയില്‍ നിന്ന് പിടികൂടി. കഞ്ചാവുമായി എത്തിയത് ചെന്നൈ സ്വദേശിനി ക്രിസ്റ്റീന എന്ന തസ്ലിമ സുല്‍ത്താന. ഇവര്‍ക്കൊപ്പം മക്കളും ഉണ്ടായിരുന്നു . മണ്ണഞ്ചേരി സ്വദേശി ഫിറോസുമായി ചേര്‍ന്ന് വില്പന നടത്താനായാണ് ആലപ്പുഴയില്‍ എത്തിയത്. തായിലാന്‍ഡില്‍ നിന്നാണ് ഹൈബ്രിഡ് കഞ്ചാവ് ലഭിച്ചതെന്ന് സൂചന. വന്‍ ലഹരി വേട്ടയുടെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

ക്രിസ്റ്റീന സെക്‌സ് റാക്കറ്റിലെ കണ്ണിയാണെന്ന് എക്‌സൈസ് വ്യക്തമാക്കി.പെണ്‍കുട്ടിയെ ലഹരി നല്‍കി മയക്കിയ ശേഷം പീഡിപ്പിച്ച കേസിലെ പ്രതിയാണിവര്‍. ആലപ്പുഴയില്‍ എത്തിയതിനു പിന്നിലും സെക്‌സ് റാക്കറ്റുമായി ബന്ധം. ഇതിന് പുറമേ സിനിമാ മേഖലയിലും വ്യാപക ബന്ധം. എറണാകുളം കേന്ദ്രീകരിച്ചുള്ള സിനിമാമേഖലിയിലെക്ക് അന്വേഷണം എക്‌സൈസ് വ്യാപിപ്പിച്ചു. ലഹരി എറണാകുളത്തും വിതരണം ചെയ്തതായി ക്രിസ്റ്റീനയുടെ മൊഴി.

ഹൈബ്രിഡ് കഞ്ചാവ് മാരക ലഹരി വസ്തുവെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സാധരണ കഞ്ചാവിനേക്കാള്‍ 20 മടങ്ങ് ലഹരിയും എംഡിഎംഎയേക്കാള്‍ അപകടകാരിയുമാണ്. ഹൈഡ്രോപോണിക് കൃഷിരീതിയില്‍ തായിലാന്‍ഡിലാണ് ഇത് വികസിപ്പിച്ചത്. എയര്‍പോര്‍ട്ടിന് പുറത്ത് ലാര്‍ജ് ക്വാണ്ടിറ്റി പിടികൂടുന്നത് അടുത്ത കാലത്ത് ആദ്യമാണ്. ആലപ്പുഴ നാര്‍ക്കോട്ടിക് സിഐ മഹേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *