കൊല്ലം: യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളിൽ പ്രതിരോധത്തിലായിരുന്ന കോൺഗ്രസ് നേതൃത്വത്തിന് പോലീസിനെതിരായ പുതിയ സംഭവവികാസങ്ങൾ പിടിവള്ളിയായി. ആഭ്യന്തര വകുപ്പിനെതിരായ ഈ വിഷയങ്ങൾ ജനങ്ങളിലെത്തിക്കാൻ നേരത്തെ അഞ്ച് ദിവസത്തേക്ക് നിശ്ചയിച്ചിരുന്ന ഗൃഹസമ്പർക്ക പരിപാടി 23 ദിവസത്തേക്ക് നീട്ടി.
തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 2 വരെയാണ് കോൺഗ്രസ് ഭവന സന്ദർശനം തീരുമാനിച്ചിരുന്നത്. എന്നാൽ, പരിപാടി തുടങ്ങുന്നതിന് തൊട്ടുമുമ്പ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ വിഷയങ്ങൾ ഉയർന്നുവന്നതോടെ നേതാക്കൾക്കിടയിൽ ആശങ്കയുണ്ടായി. രാഹുലിനെക്കുറിച്ച് ചോദ്യങ്ങളുണ്ടായാൽ എങ്ങനെ പ്രതികരിക്കണമെന്നതിൽ കെപിസിസി പ്രത്യേക നിർദേശം നൽകിയിരുന്നു. ഇത് കാരണം പല നേതാക്കളും പരിപാടിയിൽ പങ്കെടുക്കാൻ വിമുഖത കാട്ടി.
ഇതോടെ നിശ്ചിത സമയത്തിനുള്ളിൽ ഗൃഹസമ്പർക്ക പരിപാടി പൂർത്തിയാക്കാനോ ഫണ്ട് പിരിവ് നടത്താനോ കഴിഞ്ഞില്ല. തുടർന്ന് സെപ്റ്റംബർ 10 വരെ പരിപാടി നീട്ടിയിരുന്നു. ഇതിനിടെയാണ് യൂത്ത് കോൺഗ്രസ് നേതാവ് സുജിത്തിനെ പോലീസ് മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നത്. ഇതോടെ രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ പാർട്ടിക്ക് നഷ്ടപ്പെട്ട പ്രതിച്ഛായ തിരികെ പിടിക്കാൻ പോലീസ് മർദനമുൾപ്പെടെയുള്ള വിഷയങ്ങൾ ഉപയോഗപ്പെടുത്താമെന്ന് നേതൃത്വം തീരുമാനിച്ചു.
അമീബിക് മസ്തിഷ്കജ്വരം മൂലമുള്ള മരണങ്ങൾ, സിപിഎമ്മിനെതിരായ സിപിഐയുടെ നിലപാടുകൾ, ആഭ്യന്തരവകുപ്പിനെതിരെ ഉയർന്നുവന്ന മറ്റ് ആരോപണങ്ങൾ തുടങ്ങിയ വിഷയങ്ങളും ജനങ്ങളിലെത്തിക്കാൻ ഈ മാസം 20 വരെ ഗൃഹസമ്പർക്ക പരിപാടി തുടരാനാണ് കെപിസിസിയുടെ തീരുമാനം.
