പെൻഷൻ കിട്ടാതെ 3 ലക്ഷത്തോളം കെട്ടിട നിർമാണ തൊഴിലാളികൾ. കേരള കെട്ടിട നിർമാണ തൊഴിലാളി ക്ഷേമ ബോർഡിലെ അംഗങ്ങൾക്ക് പെൻഷൻ കിട്ടിയിട്ട് മാസങ്ങളായി. 16 മാസത്തെ പെൻഷൻ കുടിശിക ഇവർക്ക് നൽകാനുണ്ടെന്ന് തൊഴിൽ മന്ത്രി വി. ശിവൻകുട്ടി ഈ മാസം 19 ന് നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.
ഒരു മാസത്തെ പെൻഷൻ വിതരണത്തിന് 62 കോടി വേണം. 16 മാസത്തെ കുടിശിക കൊടുക്കാൻ 992 കോടി വേണം. കെടുകാര്യസ്ഥത മൂലം ബോർഡിൻ്റെ വരുമാനം കുറഞ്ഞതാണ് പെൻഷൻ വിതരണം പ്രതിസന്ധിയിൽ ആക്കിയത്. പെൻഷൻ മാത്രമല്ല നിരവധി മറ്റ് ആനുകൂല്യങ്ങളും അംഗങ്ങൾക്ക് ലഭിക്കുന്നില്ല.
ബോർഡിൻ്റെ പ്രധാന വരുമാനം ബിൽഡിംഗ് സെസ് ആണ്. തദ്ദേശ വകുപ്പിനാണ് ബിൽഡിംഗ് സെസ് പിരിക്കാനുള്ള ചുമതല. മുനിസിപ്പാലിറ്റിയിലും കോർപ്പറേഷനിലും സെസ് പിരിവ് 2024 ജനുവരി 16 മുതലും പഞ്ചായത്തുകളിൽ 2024 ഏപ്രിൽ മുതലും പിരിക്കുന്നതിന് ഉത്തരവ് ഇറക്കിയിട്ടുണ്ട്. 30 കോടിയായ പ്രതിമാസ സെസ് പിരിവ് ഈ ഉത്തരവ് ഇറങ്ങിയതിന് ശേഷം 50 കോടിയായി വർധിച്ചിട്ടുണ്ട്. സെസ് പിരിവ് വർദ്ധിക്കുന്ന മുറയ്ക്ക് പെൻഷൻ കുടിശിക അടക്കമുള്ള ആനുകൂല്യങ്ങൾ വിതരണം ചെയ്യാമെന്നാണ് ശിവൻകുട്ടി വ്യക്തമാക്കിയത്.കുടിശിക ഉടൻ എങ്ങും കൊടുക്കില്ലെന്ന് ഇതോടെ വ്യക്തം.
പ്രതിസന്ധിയിലായ കെട്ടിട നിർമാണ തൊഴിലാളി ക്ഷേമനിധി ബോർഡിനെ സഹായിക്കാൻ സർക്കാർ തയ്യാറാകുന്നില്ല. ധനമന്ത്രി കെ.എൻ. ബാലഗോപാൽ മനസ് വച്ചാൽ പെൻഷൻ കുടിശിക കൊടുക്കാൻ സാധിക്കും. എത്ര കോടി രൂപയാണ് സർക്കാർ ധൂർത്ത് അടിച്ച് കളയുന്നത്. 1000 കോടി രൂപ ഒറ്റ തവണ സർക്കാർ കെട്ടിട നിർമാണ തൊഴിലാളി ക്ഷേമനിധി ബോർഡിന് കൊടുത്താൽ ഈ കുടിശിക മുഴുവൻ തീരും. തൊഴിലാളി സ്നേഹം പ്രസംഗിച്ചാൽ മാത്രം പോരാ. പ്രവർത്തിയിലും കാണിക്കണം.
