വൈദ്യുതിനിരക്ക് വർധന: നഷ്ടം നികത്താൻ 2031 വരെ സമയം വേണം, റെഗുലേറ്ററി കമ്മിഷൻ സുപ്രീംകോടതിയിലേക്ക്

തിരുവനന്തപുരം: വൈദ്യുതിനിരക്ക് കുത്തനെ കൂട്ടാതെ കെഎസ്ഇബിയുടെ നഷ്ടം നികത്താൻ 2031 വരെ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ സുപ്രീംകോടതിയെ സമീപിക്കുന്നു. ഇക്കാര്യം അപ്പലേറ്റ് ട്രിബ്യൂണലിൽ നൽകിയ സത്യവാങ്മൂലത്തിൽ കമ്മിഷൻ അറിയിച്ചു. സാവകാശം ലഭിച്ചാൽ വൈദ്യുതി നിരക്ക് വർധിപ്പിക്കാതെ കെഎസ്ഇബിയുടെ കാര്യക്ഷമത മെച്ചപ്പെടുത്തി നഷ്ടം നികത്താൻ കഴിയുമെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി.

വൈദ്യുതി വിതരണ കമ്പനികളുടെ നിലവിലെ നഷ്ടം (റെഗുലേറ്ററി അസറ്റ്) നാല് വർഷംകൊണ്ട് നികത്തണമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. കെഎസ്ഇബിക്ക് ഈ ഇനത്തിൽ 6645.30 കോടി രൂപയാണ് ലഭിക്കേണ്ടത്. ഇത് പെട്ടെന്ന് ഈടാക്കണമെങ്കിൽ വരുന്ന രണ്ടര വർഷത്തേക്ക് യൂണിറ്റിന് ഒരു രൂപ അധികം ചുമത്തേണ്ടിവരും.

എന്നാൽ, 2024-ൽ കേന്ദ്രസർക്കാർ വൈദ്യുതി നിയമത്തിൽ വരുത്തിയ ഭേദഗതിയനുസരിച്ച് റെഗുലേറ്ററി അസറ്റ് ഏഴ് വർഷംകൊണ്ട് നികത്തിയാൽ മതി. സുപ്രീംകോടതി ഉത്തരവിൽ നാല് വർഷം എന്ന് രേഖപ്പെടുത്തിയതിൽ വ്യക്തത വരുത്തി ഏഴ് വർഷം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് റെഗുലേറ്ററി കമ്മിഷൻ കോടതിയെ സമീപിക്കുന്നത്.

കഴിഞ്ഞ ഏതാനും വർഷങ്ങളിൽ വൈദ്യുതിനിരക്ക് ഇരട്ടിയിലധികം വർധിച്ചിട്ടുണ്ട്. 2011-12 കാലഘട്ടത്തിൽ യൂണിറ്റിന് ശരാശരി 3.37 രൂപയായിരുന്നത് ഇപ്പോൾ 7.06 രൂപയായി വർധിച്ചു. 109 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. എന്നിട്ടും കെഎസ്ഇബിയുടെ മുൻകാല നഷ്ടങ്ങൾ നികത്താൻ കഴിഞ്ഞിട്ടില്ല. 2011-നും 2017-നും ഇടയിലാണ് ഏകദേശം 7000 കോടി രൂപയുടെ റെഗുലേറ്ററി അസറ്റ് ഉണ്ടായത്. എന്നാൽ, ഈ നഷ്ടം കെഎസ്ഇബിയുടെ നിലനിൽപ്പിനെ ബാധിച്ചിട്ടില്ലെന്നും, 2024-25 സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ 600 കോടി രൂപയുടെ ലാഭം നേടിയതായും കമ്മിഷൻ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *