സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഇടിഞ്ഞു ; ഒറ്റയടിക്ക് ഇടിഞ്ഞത് 1640 രൂപ

സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. പവന് ഇന്ന് ഒറ്റയടിക്ക് 1640 രൂപയാണ് കുറഞ്ഞത്. 70,200 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 205 രൂപയാണ് കുറഞ്ഞത്. 8775 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

സ്വര്‍ണവില 75,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ ഏപ്രില്‍ 23 മുതലാണ് സ്വര്‍ണവില ഇടിയാന്‍ തുടങ്ങിയത്. ഈ മാസം 12നാണ് സ്വര്‍ണവില ആദ്യമായി 70,000 കടന്നത്. പത്തുദിവസത്തിനിടെ 4000ലധികം രൂപ വര്‍ധിച്ച ശേഷമാണ് സ്വര്‍ണവില കുറയാന്‍ തുടങ്ങിയത്. ആറുദിവസത്തിനിടെ 2800 രൂപ കുറഞ്ഞ ശേഷം കഴിഞ്ഞ ദിവസം പവന് 320 രൂപ വര്‍ധിച്ചിരുന്നു. എന്നാല്‍ ഇന്ന് വീണ്ടും സ്വര്‍ണവില കനത്ത ഇടിവ് നേരിടുകയായിരുന്നു.

രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിഞ്ഞതാണ് ഇപ്പോഴും ഉയര്‍ന്ന നിലവാരത്തില്‍ നില്‍ക്കാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *