തേവലക്കരയിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: ഓവർസിയറെ സസ്പെൻഡ് ചെയ്ത് കെ എസ് ഇ ബി

കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌ക്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവം. നടപടിയുമായി കെ എസ് ഇ ബി. ഓവർസിയറെ സസ്പെൻഡ് ചെയ്തു. തേവലക്കര സെക്ഷനിലെ ഓവർസിയറായ ബിജു എസ് നെയാണ് സസ്പെൻഡ് ചെയ്തത്.

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ടിൽ സ്കൂൾ മാനേജ്മെന്‍റിന് ഗുരുതരമായ വീഴ്ചകൾ ഉണ്ടായിട്ടുള്ളതായി ചൂണ്ടിക്കാട്ടിയിട്ടുള്ളതിനാൽ പൊതുവിദ്യാഭ്യാസ വകുപ്പ് തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിലെ മാനേജരെ പിരിച്ചുവിട്ട്, സ്‌കൂളിന്‍റെ ഭരണം കൊല്ലം വിദ്യാഭ്യാസ ജില്ലാ ഓഫീസർക്ക് കൈമാറുമെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു.

ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിച്ചു വരികയാണെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞിരുന്നു. മന്ത്രിസഭാ യോഗത്തിൽ മിഥുന്‍റെ മാതാപിതാക്കള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 10 ലക്ഷം രൂപ ധനസഹായം അനുവദിക്കുമെന്ന് തീരുമാനിച്ചിരുന്നു.

കെ എസ് ഇ ബി അഞ്ച് ലക്ഷം രൂപ ധനസഹായമായി കൈമാറിക്കഴിഞ്ഞു. 10 ലക്ഷം രൂപയുടെ ധനസഹായം നൽകുമെന്ന് സ്‌കൂൾ മാനേജ്‌മെന്റ് അറിയിച്ചിട്ടുണ്ട്. അധ്യാപക സംഘടനയായ കെ എസ് റ്റി എ 10 ലക്ഷം രൂപ ധനസഹായം നൽകും.

Leave a Reply

Your email address will not be published. Required fields are marked *