ഓണത്തിന് 40.44 കോടിയുടെ വിറ്റുവരവുമായി കുടുംബശ്രീ; റെക്കോർഡ് നേട്ടം

തിരുവനന്തപുരം: ഇത്തവണത്തെ ഓണവിപണിയിൽ റെക്കോർഡ് നേട്ടം കൈവരിച്ച് കുടുംബശ്രീ. വിവിധ ഉൽപന്നങ്ങളിലൂടെയും സേവനങ്ങളിലൂടെയുമായി 40.44 കോടി രൂപയുടെ വിറ്റുവരവാണ് കുടുംബശ്രീ ഉറപ്പാക്കിയത്. ജില്ലാ-സിഡിഎസ് തലങ്ങളിൽ സംഘടിപ്പിച്ച വിപണന മേളകൾ, ഓണസദ്യ, ഓണം ഗിഫ്റ്റ് ഹാമ്പർ എന്നിവ വഴിയാണ് ഈ നേട്ടം. സംസ്ഥാനത്തുടനീളമുള്ള കുടുംബശ്രീയുടെ കീഴിലുള്ള കാർഷിക ഗ്രൂപ്പുകൾക്കും സൂക്ഷ്മസംരംഭകർക്കുമാണ് ഈ വരുമാനം ലഭിക്കുക.

സംസ്ഥാനമൊട്ടാകെ സംഘടിപ്പിച്ച 1943 വിപണന മേളകളിലൂടെ മാത്രം 31.9 കോടി രൂപയുടെ വരുമാനം ലഭിച്ചു. ഇതിൽ സൂക്ഷ്മസംരംഭക ഉത്പന്നങ്ങളും കാർഷിക ഉത്പന്നങ്ങളും ഉൾപ്പെടുന്നു. ‘ഓണക്കനി’, ‘നിറപ്പൊലിമ’ പദ്ധതികളുടെ ഭാഗമായി പച്ചക്കറികളും പൂക്കളും വിറ്റഴിച്ചതിലൂടെ 7.29 കോടി രൂപയും, വാഴ, കപ്പ തുടങ്ങിയ സ്ഥിരം കാർഷിക ഉത്പന്നങ്ങളുടെ വിൽപ്പനയിലൂടെ 3.02 കോടി രൂപയും വരുമാനം നേടി.

കുടുംബശ്രീയുടെ ഇ-കൊമേഴ്‌സ് ആപ്ലിക്കേഷനായ ‘പോക്കറ്റ്മാർട്ട്’ വഴിയും സിഡിഎസുകൾ വഴിയും 98,910 ഓണം ഗിഫ്റ്റ് ഹാമ്പറുകൾ വിറ്റഴിച്ചതിലൂടെ 6.3 കോടി രൂപയുടെ വിറ്റുവരവും ലഭിച്ചു. കൂടാതെ, 1,22,557 ഓർഡറുകൾ നേടി ഓണസദ്യ വിപണനത്തിലൂടെ 2.24 കോടി രൂപയും കുടുംബശ്രീ സ്വന്തമാക്കി.

‘ഓണക്കനി’ പദ്ധതിയുടെ ഭാഗമായി 8913 ഏക്കറിൽ കൃഷി ചെയ്ത് 9,77,631.6 കിലോ പച്ചക്കറിയും, ‘നിറപ്പൊലിമ’ പദ്ധതിയുടെ ഭാഗമായി 1820 ഏക്കറിൽ പൂക്കൃഷി ചെയ്ത് 75,715.25 കിലോ പൂക്കളും കുടുംബശ്രീ വിപണിയിലെത്തിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *