നിലമ്പൂർ വിധി എഴുതി ; വോട്ടെടുപ്പ് അവസാനിച്ചു, 73.20 ശതമാനം പോളിംഗ്

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പോളിങ് ശതമാനം 73.20 ശതമാനം. അനുവദിച്ചിരുന്ന സമയം കഴിഞ്ഞും ബൂത്തുകളില്‍ വോട്ടര്‍മാരുടെ നിരയുണ്ടായിരുന്നു. സമയംഅവസാനിച്ചെങ്കിലും ആറുമണിക്ക് ക്യുവില്‍ നില്‍ക്കുന്നവരെ വോട്ട് ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ അനുവദിച്ചു. തികച്ചും സമാധാനപരമായി നടന്ന വോട്ടെടുപ്പില്‍ വോട്ടിങ് മെഷീനുകള്‍ പോലും ഒരിടത്തും പണിമുടക്കിയില്ല.

രാവിലെ തന്നെ വോട്ട് ചെയ്യാമെന്ന് വിചാരിച്ചവരില്‍ പലര്‍ക്കും മഴ തടസമായി. എന്നാല്‍ മഴയെ അവഗണിച്ച് നിരവധിപേര്‍ പോളിങ് ബൂത്തുകളിലേക്ക് എത്തി. മഴ മാറിയപ്പോള്‍ തുടക്കത്തില്‍ വേഗതകുറഞ്ഞ പോളിങ് ശതമാനം ഉച്ചയോടെ കുതിച്ചുയര്‍ന്നു. തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം അഞ്ചു മണിവരെ 70.76 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ആറു മണിവരെയായിരുന്നു വോട്ടെടുപ്പ്. അതുകൊണ്ട് തന്നെ പോളിങ് ശതമാനം ഇനിയും ഉയരും. കഴിഞ്ഞ തവണ 75.23 ശതമാനമായിരുന്നു പോളിങ്.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം. സ്വരാജ് മാങ്കുത്ത് എല്‍പി സ്‌കൂളിലും യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് വീട്ടിക്കുത്ത് ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലും എത്തി വോട്ട് രേഖപ്പെടുത്തി. എന്‍ഡിഎ സ്ഥാനാര്‍ഥി മോഹന്‍ ജോര്‍ജ് ചുങ്കത്തറ മാര്‍ത്തോമ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കുടുംബ സമേതം എത്തി വോട്ട് രേഖപ്പെടുത്തി.1200 പോലീസുകാരുടെയും കേന്ദ്ര സേനയുടെയും സുരക്ഷയില്‍ നടന്ന വോട്ടെടുപ്പില്‍ കാര്യമായ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല. മൂന്ന് ദിവസത്തെ കാത്തിരിപ്പിന് ശേഷം 23-നാണ് ഫല പ്രഖ്യാപനം.

Leave a Reply

Your email address will not be published. Required fields are marked *