വെടിനിർത്തൽ സംബന്ധിച്ച് ഒരു കരാറുമില്ല; ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ

ഇറാനും ഇസ്രയേലും തമ്മിൽ വെടിനിർത്തൽ ധാരണയായെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി. വെടിനിർത്തൽ സംബന്ധിച്ചോ സൈനിക നടപടി സംബന്ധിച്ചോ ഒരു കരാറുമില്ല എന്നും അന്തിമ തീരുമാനം പിന്നീടെന്നും അറാഗ്ചി അറിയിച്ചു.

ഇറാൻ ആവർത്തിച്ച് വ്യക്തമാക്കിയതുപോലെ, ഇസ്രയേലാണ് ഇറാനെതിരെ യുദ്ധം ആരംഭിച്ചത്. മറിച്ചല്ല. നിലവിൽ, വെടിനിർത്തൽ സംബന്ധിച്ചോ സൈനിക നടപടികൾ അവസാനിപ്പിക്കുന്നതിനോ കരാറില്ല. എന്നിരുന്നാലും, ഇറാനിയൻ ജനതയ്‌ക്കെതിരായ നിയമവിരുദ്ധമായ ആക്രമണം ടെഹ്‌റാൻ സമയം പുലർച്ചെ 4 മണിക്ക് മുമ്പ് ഇസ്രയേൽ ഭരണകൂടം അവസാനിപ്പിച്ചാൽ, അതിനുശേഷം ഞങ്ങളുടെ പ്രതികരണം തുടരാൻ ഉദ്ദേശിക്കുന്നില്ല. ഞങ്ങളുടെ സൈനിക പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതിനെക്കുറിച്ചുള്ള അന്തിമ തീരുമാനം പിന്നീട് ഉണ്ടാകും’; മന്ത്രി ‘എക്‌സി’ൽ കുറിച്ചു.

ഇറാൻ- ഇസ്രയേൽ സംഘർഷം അവസാനിച്ചെന്നും ഇരു രാജ്യങ്ങൾക്കുമിടയിൽ വെടിനിർത്തൽ നിലവിൽ വന്നെന്നും ഡോണൾഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. ഇരു രാജ്യങ്ങളും ഇത് അംഗീകരിച്ചെന്നും ട്രംപ് പറഞ്ഞിരുന്നു. ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ അവകാശവാദം. ഇരു രാജ്യങ്ങളും തമ്മിൽ ഉണ്ടായ സംഘർഷത്തെ ’12 ദിവസത്തെ യുദ്ധ’മെന്ന് വിശേഷിപ്പിക്കാമെന്നും യുദ്ധം ഇതോടെ അവസാനിച്ചെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *