ഓൺലൈൻ ഷെയർ ട്രേഡിങ് തട്ടിപ്പ്: ഒരു കോടി രൂപ തട്ടിയെടുത്ത പ്രതി പിടിയിൽ

ഇരിങ്ങാലക്കുട: ഓൺലൈൻ ഷെയർ ട്രേഡിങ് തട്ടിപ്പിലൂടെ കല്ലേറ്റുംകര സ്വദേശിയിൽ നിന്ന് ഒരു കോടിയിലധികം രൂപ തട്ടിയെടുത്ത കേസിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ. കോയമ്പത്തൂർ മരുതം നഗർ സ്വദേശി എസ്. സഞ്ജയ് (26) നെയാണ് തൃശൂർ റൂറൽ സൈബർ പൊലീസ് കോയമ്പത്തൂരിൽ നിന്ന് പിടികൂടിയത്.

ട്രേഡിങ്ങിനെക്കുറിച്ച് ഗൂഗിളിൽ തിരഞ്ഞപ്പോഴാണ് പരാതിക്കാരനായ കല്ലേറ്റുംകര സ്വദേശി തട്ടിപ്പിന് ഇരയായത്. ഉയർന്ന ലാഭവിഹിതം വാഗ്ദാനം ചെയ്ത ഒരു പരസ്യത്തിലെ ലിങ്കിൽ ക്ലിക്ക് ചെയ്തതോടെയാണ് തട്ടിപ്പിന്റെ തുടക്കം. തുടർന്ന് ഇദ്ദേഹത്തെ ഒരു വാട്സാപ്പ് ഗ്രൂപ്പിൽ ചേർക്കുകയും വിവിധ മൊബൈൽ നമ്പറുകളിലൂടെ വിളിച്ച് വൻ ലാഭം വാഗ്ദാനം ചെയ്യുകയും ചെയ്തു. ഫൈവ് പിസിഎൽ 03 എന്ന ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യിച്ച ശേഷം, ജനുവരി 8 മുതൽ ഫെബ്രുവരി 14 വരെയുള്ള കാലയളവിൽ പല തവണകളായി ഒരു കോടി 6 ലക്ഷത്തി 75,000 രൂപ നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു.

നിക്ഷേപിച്ച പണത്തിന്റെ ലാഭവിഹിതം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ സർവീസ് ചാർജ് ഇനത്തിൽ വീണ്ടും പണം ആവശ്യപ്പെട്ടതോടെയാണ് തട്ടിപ്പാണെന്ന് മനസ്സിലായത്. തുടർന്ന് ഇയാൾ പോലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണത്തിൽ തട്ടിയെടുത്ത പണത്തിൽ നിന്ന് 21.52 ലക്ഷം രൂപ സഞ്ജയ് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി, തട്ടിപ്പ് സംഘത്തിലെ മറ്റുള്ളവർക്ക് കൈമാറി കമ്മീഷൻ കൈപ്പറ്റുകയായിരുന്നുവെന്ന് കണ്ടെത്തി.

തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ റൂറൽ സൈബർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.എസ്. സുജിത്ത്, സബ് ഇൻസ്പെക്ടർ ജസ്റ്റിൻ വർഗീസ്, സി.പി.ഒമാരായ ശ്രീയേഷ്, ടി.പി. ശ്രീനാഥ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *