തദ്ദേശത്തിൽ കുണ്ടറയിൽ തോറ്റു ! കണ്ണ് കൊല്ലത്തേക്ക്, മുഖ്യമന്ത്രിയും ആകണം – അതിമോഹവുമായി അനുയായികളെ സോഷ്യൽ മീഡിയയിൽ ഇറക്കി വിഷ്ണുനാഥ്

കോട്ടയം: മുഖ്യമന്ത്രിയാകണമെന്ന അതിമോഹവുമായി പി.സി. വിഷ്ണുനാഥ് എംഎൽഎ. അടുത്ത മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തി കാട്ടി കൊണ്ടുള്ള പ്രചരണം സോഷ്യൽ മീഡിയയിൽ അനുയായികളെ കൊണ്ട് ആരംഭിച്ചിരിക്കുകയാണ് വിഷ്ണുനാഥ്. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയായി സ്വയം അവരോധിക്കുകയാണ് വിഷ്ണു.

​”കേരളം ആഗ്രഹിക്കുന്നത് ഉമ്മൻ ചാണ്ടിയെപ്പോലെ സൗമ്യനായ ഒരാളെയാണ്. ആ മാറ്റം കൊണ്ടുവരാൻ പി.സി. വിഷ്ണുനാഥിനെപ്പോലൊരു ചെറുപ്പക്കാരനെ കോൺഗ്രസ് നേതൃത്വം മുന്നിൽ നിർത്തണം” എന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പോസ്റ്റുകളുടെ ഉള്ളടക്കം. മുഖ്യമന്ത്രിയെ കാണുമ്പോൾ ആത്മാഭിമാനം ഉണ്ടാകണമെന്നും പതിവ് രീതികൾ പൊളിച്ചെഴുതണമെന്നും പോസ്റ്റുകളിൽ പറയുന്നു.

പ്രചരണങ്ങൾക്കിടയിലും മങ്ങുന്ന ‘വർക്കിംഗ്’ പ്രകടനം

​സംസ്ഥാന കോൺഗ്രസിലെ മൂന്ന് വർക്കിംഗ് പ്രസിഡന്റുമാരിൽ ഒരാളായ വിഷ്ണുനാഥിന് ദക്ഷിണ മേഖലയുടെ ചുമതലയാണ് നൽകിയിരുന്നത്. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പിൽ മറ്റ് വർക്കിംഗ് പ്രസിഡന്റുമാരായ ഷാഫി പറമ്പിലും എ.പി അനിൽകുമാറും തങ്ങളുടെ മേഖലകളിൽ സജീവമായപ്പോൾ വിഷ്ണുനാഥ് സ്വന്തം മണ്ഡലമായ കുണ്ടറയിൽ മാത്രമായി ഒതുങ്ങി എന്ന ആക്ഷേപം ശക്തമാണ്.

​യു.ഡി.എഫ് തരംഗം നിലനിന്നിട്ടും സ്വന്തം മണ്ഡലമായ കുണ്ടറയിൽ മുന്നണിയെ വിജയത്തിലെത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല എന്നത് വിരോധാഭാസമായി രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. പത്ത് മന്ത്രിമാർ വരെ സ്വന്തം മണ്ഡലങ്ങളിൽ പിന്നോട്ട് പോയ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ, ഭാവി മുഖ്യമന്ത്രിയായി സ്വയം ഉയർത്തിക്കാട്ടപ്പെടുന്ന വിഷ്ണുവിൻ്റെ മണ്ഡലത്തിലും യു.ഡി.എഫ് പിന്നിലായി.

കുണ്ടറയിൽ ഭീതി; കണ്ണ് കൊല്ലത്തേക്ക്?

​കുണ്ടറയിൽ പരാജയ ഭീതി നിലനിൽക്കുന്നതിനാൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ വിഷ്ണുനാഥ് കൊല്ലം മണ്ഡലത്തിലേക്ക് മാറാൻ നീക്കം നടത്തുകയാണ്. സ്വന്തം മണ്ഡലത്തിൽ ജനപിന്തുണ ഉറപ്പിക്കാൻ കഴിയാത്ത ഒരാൾ മുഖ്യമന്ത്രിയാകാൻ കച്ചകെട്ടി ഇറങ്ങുന്നത് പാർട്ടിക്ക് ഉള്ളിൽ സംസാര വിഷയമായി മാറി ഇരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *