ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്തുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും

തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ കസ്റ്റഡിയിലുള്ള പ്രതി സുകാന്തുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. ഇരുവരും താമസിച്ചിരുന്ന തിരുവനന്തപുരത്തെ ഫ്ലാറ്റിലും എറണാകുളത്തുമായിരിക്കും തെളിവെടുപ്പിന് എത്തിക്കുക. സംഭവത്തില്‍ പ്രതിയായ സുകാന്ത് സുരേഷിനെ ജൂണ്‍ 5 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. സുകാന്തിനെതിരെ ഫോണിലെ ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ പൊലീസ് കണ്ടെത്തിയിരുന്നു. യുവതി ആത്മഹത്യ ചെയ്ത ശേഷം രണ്ട്മാസത്തോളം ഒളിവിലായിരുന്ന സുകാന്ത് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയതിനെ തുടര്‍ന്ന് പൊലീസിൽ കീഴടങ്ങുകയായിരുന്നു.

തുടര്‍ന്ന് തിരുവനന്തപുരത്ത് എത്തിച്ച പ്രതിയെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. അതേസമയം അന്വേഷണത്തിന്റെ ഭാഗമായി സുകാന്തിന്‍റെ ലൈംഗികശേഷി പരിശോധനയും നടത്താൻ തീരുമാനിച്ചിട്ടുണ്ട്. പ്രതി സുകാന്ത് വിവാഹ വാഗ്ദാനം നൽകി ഐബി ഉദ്യോഗസ്ഥയെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നെന്നും സുകാന്ത് വിവാഹത്തിൽ നിന്ന് പിന്മാറിയതാണ് ആത്മഹത്യയ്ക്ക് കാരണമെന്നും റിമാൻഡ്റിപ്പോർട്ടിൽ പറയുന്നു.

ഇതിനൊപ്പം ടെലഗ്രാം ചാറ്റിലെ വിവരങ്ങളും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. കഴിഞ്ഞ മാർച്ച് 24-നാണ് പേട്ട റെയിൽവേ സ്റ്റേഷന് സമീപം ഐബി ഉദ്യോഗസ്ഥയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിന് പിന്നാലെ ഐബി ഉദ്യോഗസ്ഥ ട്രാക്കിന് കുറുകേ കിടന്നതാണെന്ന് വ്യക്തമാക്കി ലോക്കോ പൈലറ്റ് രംഗത്തെത്തിയിരുന്നു. പെട്ടെന്നുള്ള പ്രകോപനമാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നും മാനസികവും ശാരീരികവുമായി പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചതിൻ്റെ തെളിവുകൾ സുകാന്തിനെതിരെ പൊലീസ് കണ്ടെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *